ടോക്യോ ഒളിംപിക്സ്; അമേരിക്കന്‍ അത്‌ലറ്റിനെതിരെ അന്വേഷണം

ടോക്യോ: ഒളിംപിക്സ് മെഡല്‍ ദാനത്തിനിടെ കൈയ്യുയര്‍ത്തി ആംഗ്യം കാണിച്ച അമേരിക്കന്‍ അത്‌ലറ്റിനെതിരെ അന്വേഷണം. ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടിയ റാവന്‍ സൗന്‍ഡേഴ്സിനെതിരെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) അന്വേഷണം തുടങ്ങിയത്. എന്നാല്‍ ഇത്തരമൊരു പ്രതിഷേധം ആഴ്ചകള്‍ക്ക് മുന്‍പേ തീരുമാനിച്ചിരുന്നെന്നാണ് റാവെന്റെ വിശദീകരണം.

ഷോട്ട്പുട്ടില്‍ 19.79 മീറ്റര്‍ ദൂരമെറിഞ്ഞാണ് റാവന്‍ സൗന്‍ഡേഴ്സ് ആദ്യമായി ഒളിംപിക് പോഡിയത്തിലെത്തിയത്. മെഡല്‍ സ്വീകരിച്ച ശേഷം സൗന്‍ഡേഴ്സ് നേട്ടം പ്രതിഷേധത്തിലൂടെ ആഘോഷിക്കുകയായിരുന്നു. എല്‍ജിബിടി(LGBTQ) അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താറുള്ള റാവന്‍ സൗന്‍ഡേഴ്സിന്റെ പെരുമാറ്റത്തില്‍ ഐഒസി അന്വേഷണം പ്രഖ്യാപിച്ചു. കായിക വേദിയില്‍ രാഷ്ട്രീയ ചിഹ്നങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

എന്നാല്‍ പോരാടുകയും അഭിപ്രായം പറയാന്‍ വേദി കിട്ടാതിരിക്കുകയും ചെയ്യുന്ന ലോകമെങ്ങുമുള്ള ജനതയുടെ പ്രതിനിധിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് സൗന്‍ഡേഴ്സിന്റെ പ്രതികരണം.

അതേസമയം റാവന്‍ സൗന്‍ഡേഴ്സിനെ പിന്തുണച്ച് അമേരിക്കന്‍ ഒളിംപിക് കമ്മറ്റി രംഗത്തെത്തി. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഐഒസി നിയമം ലഘൂകരിച്ചിരുന്നു. കറുത്തവര്‍ഗക്കാരിയായ താരം നടത്തിയ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിനെതിരെ നടപടി വന്നാല്‍ മറ്റൊരു പ്രതിഷേധത്തിനും സാധ്യതയുണ്ട്.

 

 

Top