ടോക്യോ ഒളിംപിക്‌സ്; ഇന്ത്യന്‍ ഗുസ്തി താരം സുമിത് മാലിക്കിന് തിരിച്ചടി

ദില്ലി: ടോക്യോ ഒളിംപിക്‌സിന് ഒരുങ്ങുന്ന ഇന്ത്യന്‍ ഗുസ്തി താരം സുമിത് മാലിക്കിന് കനത്ത തിരിച്ചടി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട സുമിത്തിന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. വിലക്കിനെതിരെ ഏഴ് ദിവസത്തിനകം അപ്പീല്‍ നല്‍കാമെങ്കിലും ഒളിംപിക്‌സ് തുടങ്ങാന്‍ 20 ദിവസം മാത്രം ബാക്കിയുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുമിത്തിന് കഴിഞ്ഞേക്കില്ല.

എ സാംപിള്‍ പരിശോധനയില്‍ പരാജയപ്പെട്ട സുമിത്തിനെതിരെ കഴിഞ്ഞ മാസം മൂന്നിന് തന്നെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ബി സാംപിള്‍ പരിശോധനയിലും പരാജയപ്പെട്ടതോടെ രണ്ട് വര്‍ഷ വിലക്ക് ഉറപ്പിക്കുകയായിരുന്നു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ സുമിത് 125 കിലോ വിഭാഗത്തിലാണ് ടോക്യോയിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.

ടോക്യോ ഒളിംപിക്‌സിന് മുന്‍പ് അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണപ്രതീക്ഷയായ ഷകേരി റിച്ചാര്‍ഡ്‌സണ്‍ മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായി. ഇരുപത്തിയൊന്നുകാരിയായ ഷകേരി അമേരിക്കയിലെ ഒളിംപിക്‌സ് യോഗ്യതാ മത്സരത്തില്‍ ഒന്നാമതെത്തിയാണ് ടോക്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താരം മാരിജുവാന ഉപയോഗിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഷകേരിയുടെ മത്സരഫലം റദാക്കുകയും ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

അമ്മ മരിച്ചപ്പോഴുണ്ടായ വിഷമം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും കുടുംബാംഗങ്ങളോടും സ്‌പോണ്‍സര്‍മാരോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷകേരി പറഞ്ഞു. സീസണില്‍ 10.72 സെക്കന്‍ഡാണ് 100 മീറ്ററില്‍ ഷകേരിയുടെ മികച്ച സമയം.

 

Top