ടോക്കിയോ ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ മനുഭാക്കര്‍- സൗരഭ് ചൗധരി സഖ്യം പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സ് 10 മീറ്റര്‍ മിക്‌സഡ് എയര്‍ പിസ്റ്റളില്‍ മെഡല്‍ റൗണ്ടിലെത്താതെ ഇന്ത്യ പുറത്ത്. എഴാമതാണ് മനു ഭാക്കര്‍/സൗരഭ് ചൗധരി സഖ്യം ഫിനിഷ് ചെയ്തത്. മനു ഭാക്കറിന്റെ ദയനീയ പ്രകടനമാണ് തിരിച്ചടിയായത്. ആദ്യ യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.

ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഈവന്റിലെ താരങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്.

രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്.  194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ചൈനയും റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലും സ്വര്‍ണ്ണ മെഡല്‍ മത്സരത്തിനായി യോഗ്യത നേടിയപ്പോള്‍ ഉക്രൈനും സെര്‍ബിയയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.

Top