ടോക്യോ ഒളിമ്പിക്‌സ് ഫുട്‌ബോള്‍; ആദ്യ റൗണ്ട് മത്സരങ്ങളില്‍ കാലിടറി വമ്പന്മാര്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ ഫുട്‌ബോള്‍ ആദ്യ റൗണ്ട് മത്സരങ്ങളില്‍ കാലിടറി വമ്പന്മാര്‍. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് മെക്‌സിക്കോ തകര്‍ത്തെറിഞ്ഞപ്പോള്‍ ഗ്രൂപ്പ് സിയില്‍ സ്‌പെയിനെ ഈജിപ്ത് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ബിയില്‍ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസീലന്‍ഡ് വിജയിച്ചു. ഗ്രൂപ്പ് ഡിയിലില്‍ ഐവറി കോസ്റ്റ് ഒനിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൗദി അറേബ്യയെ കീഴ്‌പ്പെടുത്തി.

ഗ്രൂപ്പ് എയില്‍ ജപ്പാന്‍-ദക്ഷിണാഫ്രിക്ക മത്സരവും ഗ്രൂപ് ബിയില്‍ ഹോണ്ടുറാസ്-റൊമേനിയ മത്സരവും ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയിലാണ്. ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേളിയക്കെതിരെ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കരുത്തരായ ജര്‍മ്മനിയും ബ്രസീലും ഗ്രൂപ്പ് ഡിയില്‍ കൊമ്പുകോര്‍ക്കും.

അതേസമയം, ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി. ജര്‍മനിക്കെതിരായ സന്നാഹ മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തില്‍ 2-0 എന്ന നിലയില്‍ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം. അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, സ്പെയ്ന്‍ എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്.

 

Top