ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം; 7 മെഡലുകളുമായി ഇന്ത്യ

ടോക്യോ: ടോക്യോ ഒളിംപിക്സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4.30നാണ് സമാപനചടങ്ങുകള്‍ക്ക് തുടക്കമാവുക. നീരജ് ചോപ്രയോ ബജ്‌റംഗ് പുനിയയോ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കും. 13 ഫൈനലുകളാണ് അവസാന ദിവസമുള്ളത്.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകളുമായാണ് ഇന്ത്യ ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിംപിക്സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്‌ലറ്റിക്സില്‍ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്യോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.

അതേസമയം മെഡല്‍പ്പട്ടികയില്‍ ചൈന, അമേരിക്ക പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 38 സ്വര്‍ണവും 31 വെള്ളിയും 18 വെങ്കലവും സഹിതം 87 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. തൊട്ടുപിന്നില്‍ 37 സ്വര്‍ണവും 39 വെള്ളിയും 33 വെങ്കലവും അടക്കം 109 മെഡലുകളുമായി അമേരിക്കയുണ്ട്.

 

Top