ടോക്യോ ഒളിംപിക്സ്: ആദ്യ സ്വര്‍ണം ചൈനയ്ക്ക്

ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് സ്വര്‍ണ നേട്ടം. ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. റഷ്യയ്ക്കാണ് വെള്ളി. സ്വിറ്റ്സര്‍ലന്‍ഡിനാണ് വെങ്കലം. ഇന്ത്യയ്ക്ക് പ്രതീക്ഷയുടേയും നിരാശയുടേയും ദിനമായിരുന്നു ഇന്ന്. ഷൂട്ടിംഗില്‍ ഒന്നാം റാങ്കുകാരിയായ ഇളവെയിലിന് മെഡല്‍ നഷ്ടപ്പെട്ടു.

ഹോക്കി പുരുഷന്മാരുടെ മത്സരം പുരോഗമിക്കുകയാണ്. ഇന്ത്യ 3-2 ന് മുന്നിലാണ്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

അതേസമയം, അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു. അടുത്ത എതിരാളികള്‍ കരുത്തരായ ദക്ഷിണ കൊറിയയാണ്. ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്.

അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളായ ദീപിക കുമാരിയും പ്രവീണ്‍ ജാദവും കാഴ്ചവച്ചത്. അവസാന സെറ്റ് വരെ ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തെ തളച്ചത്.

അല്‍പ സമയത്തിന് ശേഷം തന്നെ ക്വാര്‍ട്ടര്‍ മത്സരവും, ശേഷം ഫൈനല്‍ മത്സരങ്ങളും ആരംഭിക്കും. ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഇനമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പര്‍ താരമാണ് ദീപിക കുമാരി. പരിചയ സമ്പന്ന കുറഞ്ഞ, ആദ്യമായി ഒളിമ്പിക്സില്‍ എത്തുന്ന താരമാണ് പ്രവീണ്‍ ജാദവ്.

അതേസമയം, ഇന്ത്യന്‍ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. 2016 റിയോ ഗെയിംസില്‍ 36 വര്‍ഷത്തിനിടെ ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്ത ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി ടോക്കിയോയില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലാന്‍ഡിനെതിരെ നേരിടും.

ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന മറ്റ് മത്സരങ്ങള്‍ 49 കിലോ ഭാരദ്വഹനമാണ്. മീരഭായ് ഛാനുവാണ് ഇന്ത്യന്‍ താരം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഈ ഇനം. മറ്റൊന്ന് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലാണ്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ സൗരഭ് ചൗധരിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

 

Top