ടോക്യോ ഒളിമ്പിക്‌സ്; സ്‌പെയിനിനെ തോല്‍പിച്ച് ബ്രസീലിന് സ്വര്‍ണം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ സ്‌പെയിനെ വീഴ്ത്തി ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോള്‍ സ്വര്‍ണ്ണം സ്വന്തമാക്കി ബ്രസീല്‍. കലാശക്കളിയില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ സുവര്‍ണനേട്ടം. ഈ വിജയത്തോടെ 2004ല്‍ അര്‍ജന്റീനയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടുന്ന ഫുട്‌ബോള്‍ ടീമായി ബ്രസീല്‍ മാറി.

നിശ്ചിത സമയത്ത് 1-1 സമനിലയായ മത്സരത്തില്‍ അധികസമയത്തിന്റെ 108ാം മിനിറ്റില്‍ മാല്‍ക്കത്തിന്റെ കാലില്‍ നിന്നായിരുന്നു ബ്രസീലിന്റെ വിജയഗോള്‍ വന്നത്. 38ാം മിനിറ്റില്‍ സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സൈമണ്‍ പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ബ്രസീല്‍ താരം മത്തേയുസ് കുനയെ കൈകൊണ്ട് ഇടിച്ചതിന് ബ്രസീലിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും റിച്ചാലിസണ്‍ എടുത്ത സ്‌പോട്ട് കിക്ക് ക്രോസ് ബാറിന് മുകളില്‍ കൂടെപോയി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മത്തേയൂസ് കുന ബ്രസീലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ആസൂത്രിതമായി കളിച്ച സ്‌പെയിന്‍ സമനില ഗോള്‍ കണ്ടെത്തി. 61ാം മിനിറ്റില്‍ മൈക്കല്‍ ഓയര്‍സബാള്‍ ആയിരുന്നു സ്‌പെയിനിന് സമനില സമ്മാനിച്ചത്. ബ്രയാന്‍ ഗില്ലിന്റെ ഷോട്ടും ബാറില്‍ തട്ടി മടങ്ങിയതോടെ നിശ്ചിത സമയത്ത് തന്നെ ജയിക്കാനുള്ള അവസരം സ്‌പെയിനിന് നഷ്ടമായി.
എക്‌സ്ട്രാ ടൈമില്‍ പകരക്കാരനായി ഇറങ്ങിയാണ് മാല്‍ക്കം ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.

Top