തളരാത്ത പോരാട്ടവീര്യം; തോല്‍വിയിലും അഭിമാനത്തോടെ വനിത ഹോക്കി ടീം

ടോക്യോ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്യോയില്‍ ഇന്ത്യന്‍ വനിതകള്‍ കളം നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ ഹോക്കിക്ക് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനം. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടനോട് തോറ്റ് മടങ്ങുമ്പോഴും ഒളിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഈ ടീം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ വാനോളമാണ്.

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ ജയിച്ചു കയറിയത്. എലീന റേയര്‍ (16 മിനിട്ട്), സാറാ റോബര്‍ട്സ് (24), ഹോളി പേര്‍ണി വെബ്ബ് (35), ഗ്രെയ്സ് ബാള്‍സ്ഡണ്‍ (48) എന്നിവരാണ് ബ്രിട്ടന് വേണ്ടി ഗോള്‍ നേടിയത്. ഇന്ത്യയ്ക്കായി ഗുര്‍ജീത് കൗര്‍ ഇരട്ട ഗോള്‍ നേടി. ആദ്യ രണ്ട് ഗോളുകളും 25, 26 മിനിട്ടുകളില്‍ ഗുര്‍ജീത് നേടിയപ്പോള്‍ മൂന്നാം ഗോള്‍ 29-ാം മിനിട്ടില്‍ വന്ദന കടാരിയ ആണ് നേടിയത്.

വിജയ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് അവസാന ക്വാര്‍ട്ടറിലാണ് തിരിച്ചടി നേരിട്ടത്. എന്നാല്‍ 48-ാം മിനിറ്റില്‍ ഗ്രെയ്സ് ബാള്‍സ്സണിലൂടെ ബ്രിട്ടണ്‍ ലീഡ് പിടിച്ചതോടെയാണ് കളിയുടെ ഗതി മാറിയത്. ഒളിമ്പിക്സിലെ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയില്‍ കണ്ടത്. 1980 ലെ മോസ്‌കോ ഒളിമ്പിക്സില്‍ ആറാമത് എത്തിയതാണ് ഇതിനു മുമ്പുള്ള മികച്ച പ്രകടനം. വനിത ഹോക്കി ഫൈനല്‍ പോരാട്ടത്തില്‍ വെള്ളിയാഴ്ച അര്‍ജന്റീന- നെതര്‍ലന്‍ഡിനെ നേരിടും.

 

 

Top