today,today All party meeting on Kashmir

ന്യൂഡല്‍ഹി:കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷിയോഗം ഇന്ന്. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍വ്വ കക്ഷിയോഗം കേന്ദ്രം വിളിച്ച് ചേര്‍ത്തത്.

കാശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ എട്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസുള്‍പ്പെടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതംഗീകരിച്ച്, ചര്‍ച്ചക്ക് മറുപടി പറയവേ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഇന്ന് സര്‍വ്വ കക്ഷിയോഗം വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരിക്കും യോഗം ആരംഭിക്കുക. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കാര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഉള്‍പ്പെടേയുള്ള മുതിര്‍ന്ന മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

കാശ്മീരി ജനതയെ വിശ്വാസത്തിലെടുത്ത്, പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക.

കാശ്മീരി ജനതയുമായി ചര്‍ച്ച നടത്താന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കണമെന്ന അഭിപ്രായം ചില കക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.

Top