സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഇന്നത്തെ റാലികള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പഞ്ചാബിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ റാലികള്‍ റദ്ദാക്കി. പഞ്ചാബിലും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും നടത്താനിരുന്ന റാലിയാണ് റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് വാഹനം കുടുങ്ങിയതിന് പിന്നാലെയാണ് പരിപാടികള്‍ റദ്ദാക്കിയത്. സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നു.

ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി. നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പഞ്ചാബിലുണ്ടായിരുന്നത്.

ഹുസൈന്‍വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ്പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. പ്രധാനമന്ത്രി ഭട്ടിന്‍ഡയിലാണ് വിമാനമിറങ്ങിയത്.

എന്നാല്‍ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാല്‍ ഹുസൈന്‍വാലയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനായില്ല. ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് 20 മിനിറ്റോളം പ്രധാനമന്ത്രി ഭട്ടിന്‍ഡയില്‍ കാത്തിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത് ഉപേക്ഷിച്ച് റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Top