ഇന്ന് ലോക പരിസ്ഥിതി ദിനം; ലോകരാശിയുടെ നിലനില്‍പ്പിന് വേണ്ടി നടാം ഒരു തൈ

നുഷ്യനാല്‍ തന്നെ നശിച്ച് പോകുന്ന പച്ചപ്പിനെയും താറുമാറാകുന്ന പ്രകൃതി സന്തുലിതാവസ്ഥയെയും ഓര്‍ക്കാന്‍ ഒരുദിനം കൂടി. ഇന്ന് ലോക പരിസ്ഥിതി ദിനം. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.

മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയില്‍ മേലണ്ണാക്കും നാവും പൊട്ടിച്ചിതറി നരകയാതന അനുഭവിച്ച് മരിച്ച ഗര്‍ഭിണിയായ ഒരു പിടിയാനയുടെ ചോരയില്‍ ചവിട്ടി നിന്നുകൊണ്ടാണ് നമ്മള്‍ ഇത്തവണത്തെ പരിസ്ഥിതിദിനം ആചരിക്കുന്നത്. ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജിക്കാവുന്ന ഒരു പരിസ്ഥിതി ദിനം. പരിസ്ഥിതി നശിപ്പിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ മനോഭാവത്തിന് ക്രൂരതയുടെ കാഠിന്യം ഏറുകയാണ്.

ജനിക്കാതെ തന്നെ ഒരു ജന്മത്തിന്റെ വേദന മുഴുവന്‍ അറിഞ്ഞ കൈക്കുമ്പിളോളം പോന്ന അവളുടെ കുഞ്ഞിന്റെ ഭ്രൂണം കണ്ണില്‍ നിന്ന് മായുന്നതിന് മുമ്പ്. സഹജന്തുജാലങ്ങളോട് കരുണയില്ലാത്ത പ്രകൃതിചൂഷണം, തീരാത്ത ആര്‍ത്തി, എല്ലാ പരിധികളും ലംഘിക്കുന്ന മലിനീകരണം, ആവര്‍ത്തിക്കുന്ന കൊടും വേനലും പെരും പ്രളയവും.

പരിസ്ഥിതി ദിനത്തില്‍ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാഴ്ചകള്‍ ശുഭകരമല്ല. ഒരു ദിനാചാരണത്തിലും ഒരു മരത്തൈ നടുന്നതിലും തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്തം. ഒറ്റയ്‌ക്കൊരു നിലനില്‍പ്പ് സാധ്യമല്ലെന്നും എല്ലാ ജീവജന്തുജാലങ്ങളെയും സ്വന്തം വംശവൃക്ഷത്തിലെ ചില്ലകളാണെന്നുമുള്ള തിരിച്ചറിവിലൂടെ മണ്ണാര്‍കാട്ടെ സഹ്യന്റെ മകളുടെ രക്തസാക്ഷിത്വത്തിന് പ്രായശ്ചിത്തമാകണം ഈ പരിസ്ഥിതി ദിനം.

Top