ആഘോഷങ്ങളില്ലാതെ നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ ഇന്ന് പൂര്‍ത്തിയാകും

കോഴിക്കോട്: നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ ഇന്ന് പൂര്‍ത്തിയാകും. കുസാറ്റ് അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വേദിയിലെ ആഘോഷങ്ങളും ഒഴിവാക്കി. തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്നത്തെ പരിപാടികള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നിന്ന് 30900 പരാതികളാണ് ലഭിച്ചത്. നവകേരള സദസ്സ് ഇന്നത്തോടെ നാല് ജില്ലകള്‍ പൂര്‍ത്തിയാക്കും.

പ്രതിപക്ഷ ബഹിഷ്‌കരണം തള്ളി കുന്ദമംഗലം മുന്‍ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എന്‍ അബൂബക്കര്‍ പ്രഭാത സദസില്‍ പങ്കെടുത്തിരുന്നു. ഓമശ്ശേരിയിലെ സ്നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പ്രഭാത സദസ്സ്.

നവകേരള സദസ്സിനെതിരെയുള്ള കെഎസ്യു പ്രതിഷേധം ഇന്നും തുടര്‍ന്നു. കെഎസ്യു പ്രവര്‍ത്തകര്‍ സെന്ററിന് പുറത്ത് പ്രതിഷേധിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Top