ഇന്ന് ചിങ്ങം ഒന്ന്; പ്രതീക്ഷയോടെ മലയാളികള്‍ പുതുവത്സരത്തിലേക്ക്

ന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. മലയാള ഭാഷാ മാസമെന്നും അറിയപ്പെടുന്നു. മലയാളികള്‍ക്ക് ചിങ്ങമാസം സമൃദ്ധിയുടെയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളക്കാര്‍ക്ക് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസപ്പുലരിയോടെ പിറവിയെടുക്കുന്നത്. മലയാളികള്‍ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തുത്സവത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് പത്തായങ്ങളില്‍ നിറച്ചിരുന്ന സമ്പന്നതയുടെ മാസമായിരുന്നു പഴമക്കാരെ സംബന്ധിച്ച് ചിങ്ങമാസം. എന്നാല്‍ ഇന്ന് കൃഷിയും കര്‍ഷകനും കാര്‍ഷിക സംസ്‌കാരവുമെല്ലാം പഠന വിഷയങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് കൂടിയാണ് ഈ ചിങ്ങദിനം ഓര്‍മപ്പെടുത്തുന്നത്.

Top