നവകേരള സദസ്സിനായി പണം നല്‍കണമെന്ന ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നവകേരള സദസ്സിനായി പണം അനുവദിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മായില്‍, കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഷറഫുദ്ദീന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കാരാട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്.

കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറിമാര്‍ക്ക് പ്രത്യേക ദൂതന്‍ മുഖാന്തിരം നോട്ടീസ് നല്‍കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നവകേരള സദസ്സിനായി പണം നല്‍കുന്നതില്‍ നിന്ന് ഹര്‍ജിക്കാരായ സെക്രട്ടറിമാരെ താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.

പണം അനുവദിക്കണമെന്ന് പറയാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഉത്തരവ് പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. നേരത്തെ മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനമില്ലാതെ പണം അനുവദിക്കാനുള്ള സെക്രട്ടറിമാരുടെ നടപടിയും ഹൈക്കോടതി തടഞ്ഞിരുന്നു.

Top