today -pulimurukan-britain-release

ബോക്‌സ് ഓഫീസ് കളക്ഷനുമായി മുന്നേറുന്ന പുലിമുരുകന്‍ ഇന്നു മുതല്‍ ബ്രിട്ടനിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മലയാളത്തിലെ വിവിധ റെക്കോഡുകള്‍ മറികടന്ന പുലിമുരുകന്‍ ബ്രിട്ടനിലെ നാല് തീയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുക.ലണ്ടന്‍ (ഈസ്റ്റ്ഹാം), മാഞ്ചസ്റ്റര്‍, ബര്‍മിംങ്ങാം, കവന്‍ട്രി എന്നിവിടങ്ങളിലാണ് ഇന്നുമുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് സ്‌ക്രീനിങ്.

ബ്രിട്ടനിലെ മറ്റു നൂറോളം തീയേറ്ററുകളിലും 12 യൂറോപ്യന്‍ രാജ്യങ്ങളിലും നവംബര്‍ നാലു മുതലാണ് പ്രദര്‍ശനം. ലണ്ടന്‍ ആസ്ഥാനമായുള്ള പി.ജെ. എന്റര്‍ടൈന്‍മെന്റ്‌സ് ആണ് യൂറോപ്പില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

മൂന്നാഴ്ചകൊണ്ട് അറുപത് കോടിയിലേറെ വാരിക്കൂട്ടിയ പുലിമുരുകന്‍ ബ്രിട്ടനില്‍നിന്നും കോടികള്‍ കൊയ്യുമെന്ന് ഉറപ്പാണ്. ഈയാഴ്ച സ്‌കൂള്‍ അവധിയായത് മലയാളികള്‍ക്ക് കുടുംബസമേതം തീയേറ്ററുകളില്‍ എത്താന്‍ സൗകര്യമാകും.

ബ്രിട്ടനൊപ്പം ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ഹോളണ്ട്, ബല്‍ജിയം, മാള്‍ട്ട, പോളണ്ട്, ഓസ്ട്രിയ,സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും നവംബര്‍ നാലുമുതല്‍ പുലിമുരുകന്‍ എത്തും.

യൂറോപ്പിലാകെ നൂറ്റമ്പതിലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. മലയാളം സിനിമയുടെ ചരിത്രത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ റിലീസിംങ്ങാകും ഇത്. ഇംഗ്ലീഷ് ടൈറ്റിലുകളോടെയാകും ചിത്രത്തിന്റെ പ്രദര്‍ശനം.

ചൊവ്വാഴ്ച മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് സ്‌ക്രീനിങ് ബ്രിട്ടനില്‍ നാലിടങ്ങളില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ വൈകിയതിനാല്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു.

മോഹന്‍ലാലിന്റെ ദൃശ്യം സിനിമ കാണാന്‍ മലയാളികള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത് ബ്രിട്ടണില്‍ തീയേറ്റര്‍ ഉടമകളെപോലും അതിശയിപ്പിച്ചിരുന്നു. ഇതിനെ കടത്തിവെട്ടുന്ന പ്രേക്ഷകപ്രതികരണമാണ് പുലിമുരുകനില്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒക്ടോബര്‍ എഴിന് 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം നേടിയത് 4.05 കോടിയാണ്. ഒരാഴ്ചകൊണ്ട് 25 കോടി കൊയ്ത സിനിമ മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായി മാറാനുള്ള കുതിപ്പിലാണ്. 70 കോടിയായിരുന്നു മോഹന്‍ലാലിന്റെ ദൃശ്യം വാരിക്കൂട്ടിയത്.

ഈ റിക്കാര്‍ഡ് പുലിമുരുകനു മുന്നില്‍ വഴിമാറുമെന്ന് ഉറപ്പാണ്.ഓവര്‍സീസ്, സാറ്റലൈറ്റ് റൈറ്റുകള്‍ ഓഡിയോ, വിഡിയോ റൈറ്റ് എന്നിവയിലൂടെ 15 കോടിയോളം രൂപ പുലിമുരുകന്‍ ഇതിനകം നേടിയതായാണ് വിവരം.

Top