ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ന്യൂസീലന്‍ഡ് ശ്രീലങ്കയെ നേരിടും

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ന്യൂസീലന്‍ഡ് ശ്രീലങ്കയെ നേരിടും. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം. ഇന്‍ കളി ജയിച്ച് അവസാന സെമിഫൈനല്‍ സ്ഥാനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസീലന്‍ഡ് ഇറങ്ങുമ്പോള്‍ വരുന്ന ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് യോഗ്യത നേടുക എന്നതാണ് ശ്രീലങ്കയുടെ ലക്ഷ്യം.

മറുവശത്ത് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടതും മാത്യൂസിനെതിരായ ടൈം ഔട്ടും ശ്രീലങ്കന്‍ ടീമിന്റെ മൊറാലിനെ ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടത് അവര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ബാറ്റിംഗ് നിരയുടെ പ്രകടനം മൊത്തത്തില്‍ ഭേദപ്പെട്ടതാണ്. പാത്തും നിസങ്ക, സദീര സമരവിക്രമ, ചരിത് അസലങ്ക തുടങ്ങി ഏതാണ്ട് എല്ലാവരും ചില നല്ല പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ദില്‍ഷന്‍ മധുശങ്ക ബൗളര്‍മാരില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നെങ്കിലും സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തുകയാണ്. മഹീഷ് തീക്ഷണ മോശം ഫോമിലാണ്. ടീമില്‍ മാറ്റമുണ്ടായേക്കില്ല.

തുടരെ നാല് കളി ജയിച്ച് ഗംഭീരമായി ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിച്ച ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരായ കളിയോടെ നിലതെറ്റി. പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം ന്യൂസീലന്‍ഡ് പരാജയപ്പെട്ടു. ആദ്യ നാല് മത്സരങ്ങളില്‍ ദുര്‍ബലരായ ടീമുകള്‍ക്കെതിരെ ആധികാരിക ജയം നേടിയെങ്കിലും പിന്നീട് കരുത്തരെ നേരിട്ടപ്പോള്‍ അവര്‍ക്ക് തിരിച്ചടി നേരിടുകയായിരുന്നു. കഴിഞ്ഞ കളി പാകിസ്താനെതിരെ ഇതേ ചിന്നസ്വാമിയില്‍ 401 റണ്‍സ് അടിച്ചുകൂട്ടിയിട്ടും മഴനിയമ പ്രകാരം 21 റണ്‍സിനു തോറ്റത് അവര്‍ക്ക് കനത്ത തിരിച്ചടിയായി. രചിന്‍ രവീന്ദ്ര, കെയിന്‍ വില്ല്യംസണ്‍, ഡെവോണ്‍ കോണ്‍വേ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ബാറ്റിംഗ് ലൈനപ്പ് തൃപ്തികരമായ പ്രകടനങ്ങളാണ് നടത്തുന്നത്. എന്നാല്‍, ബൗളിംഗ് അവസരത്തിനൊത്തുയരുന്നില്ല. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരൊക്കെ നിരാശപ്പെടുത്തുമ്പോള്‍ മിച്ചല്‍ സാന്റ്‌നറാണ് ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുന്നത്. പരുക്ക് മാറിയെങ്കില്‍ ഇഷ് സോധിക്ക് പകരം ലോക്കി ഫെര്‍ഗൂസന്‍ കളിക്കും.

 

Top