ഇന്ന് കര്‍ക്കിടക വാവ്; ബലിതര്‍പ്പണം വീടുകളില്‍

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ കര്‍ക്കിടക വാവുബലി. കഴിഞ്ഞ വര്‍ഷത്തെ നിയന്ത്രണങ്ങളില്‍ നിന്ന് ഇക്കുറിയും മാറ്റമില്ല. കോവിഡ് സാഹചര്യത്തില്‍ പുണ്യതീര്‍ത്ഥ കേന്ദ്രങ്ങളില്‍ ഇത്തവണയും ബലിതര്‍പ്പണം ഇല്ല. ബലിതര്‍പ്പണത്തിനായി കടവില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.

വീടുകളില്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബലിയിടാന്‍ അനുമതിയില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ടാകും.നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നും ഈ കര്‍ക്കിടകത്തിലും വാവുബലിയില്ല. തിരുവനന്തപുരം ശംഖുമുഖം മുതല്‍ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്തും വയനാട് തിരുനെല്ലിയിലും കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ചടങ്ങുകളില്ല.

പതിനായിരങ്ങള്‍ എത്തുന്ന മലപ്പുറം തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തില്‍ ഇത്തവണയും കര്‍ക്കടക വാവ് ബലിയില്ല. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ വേണ്ടതില്ല എന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനപ്രകാരമാണ് നടപടി. അതേസമയം പിതൃമോക്ഷ പൂജകളും വഴിപാടുകളും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

Top