മലയാളികളുടെ പ്രിയപ്പെട്ട വിനീത് ശ്രീനിവാസന് ഇന്ന് പിറന്നാൾ

സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, ഗായകൻ, നിർമാതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന് ഇന്ന് പിറന്നാൾ. നടൻ ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ചെങ്കിലും അച്ഛന്റെ തണലിൽ നിന്നും മാറി സ്വന്തമായി ചലച്ചിത്ര മേഖലയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്താൻ വിനീതിനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

2003-ൽ ശ്രീനിവാസന്റെ രചനയിൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് വിനീത് സിനിമലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അദ്ദേഹം ആലപിച്ച സിനിമാഗാനങ്ങളും ആൽബം ഗാനങ്ങളും എല്ലാം സൂപ്പർ ഹിറ്റുകളായി മാറി. 2008-ൽ ജോണി ആന്റണി ഒരുക്കിയ സൈക്കിൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും അദ്ദേഹം കാലെടുത്തു വെച്ചു. 2010-ൽ ദിലീപിന്റെ നിർമാണത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രമൊരുക്കി തിരക്കഥാരചനയിലും,സംവിധാന രംഗത്തും അദ്ദേഹം പുതിയ പാത തുറന്നു.

മലർവാടി ആർട്സ് ക്ലബിലൂടെ നിവിൻ പോളിയെയും, അജു വര്ഗീസിനെയും പോലുള്ള കഴിവുറ്റ പ്രതിഭകളെ മലയാള സിനിമക്ക് സംഭാവന ചെയ്യാൻ പ്രിയപ്പെട്ട വിനീതിനായി. പിന്നീട് അന്ന് തൊട്ടിന്നു വരെ കൈവച്ച മേഖലയിലെല്ലാം വിജയക്കൊടി പാറിച്ചു മുന്നേറുകയാണ് ഈ പ്രതിഭ.

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും നായിക നായകന്മാരാക്കി അണിയറയിൽ ഒരുങ്ങുന്ന ‘ഹൃദയം’ ആണ് വിനീത് ശ്രീനിവാസന്റെതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Top