കരിപ്പൂര്‍ വിമാന അപകടത്തിന് ഇന്ന് മൂന്നാണ്ട്

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു.2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്. റണ്‍വേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയര്‍ ഇന്ത്യ വിമാനം മൂന്നു കഷ്ണങ്ങളായി മാറി. വൈമാനികര്‍ ഉള്‍പ്പെടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായില്‍ നിന്നുവന്ന ഐഎക്സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. റണ്‍വേയില്‍നിന്ന് തെന്നിമാറി ഓപ്പറേഷന്‍ ഏരിയക്കുപുറത്ത് ഇടിച്ചുനിന്ന വിമാനം നെടുകെ പിളര്‍ന്നു. 19 യാത്രക്കാരും രണ്ട് വൈമാനികരും മരിച്ചു. ബാക്കി 169 പേര്‍ക്കും പരിക്കേറ്റു. ദുരന്തത്തോടെ ചിറകറ്റ വിമാനത്താവളത്തിന് അപകടം നടന്ന് മൂന്നാണ്ട് തികഞ്ഞിട്ടും ഉയരാനായിട്ടില്ല.

സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെല്‍ത്ത് സെന്ററിന് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കും. വിമാന അപകടം നടന്നതിന് പിന്നാലെ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ റണ്‍വേ നവീകരിക്കണം.റണ്‍വെയുടെ നീളം വര്‍ദ്ധിപ്പിക്കാനായി ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ ഉടന്‍ ആരംഭിക്കും.

Top