മലയാളത്തിന്റെ മഹാനടനത്തിന് ഇന്ന് ‘അറുപത്തി ഒൻപതാം ‘ പിറന്നാൾ

കേരളക്കരയുടെ സ്വകാര്യ അഹങ്കാരം പത്മശ്രീ മമ്മൂട്ടിക്ക്, മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കക്ക് ഇന്ന് അറുപത്തി ഒൻപതാം പിറന്നാൾ. കഴിഞ്ഞ നാല്‍പ്പത്തിയൊമ്പത് വര്‍ഷ കാലമായി തെന്നിന്ത്യൻ സിനി‍മയുടെ അഭ്രപാളികളിലെ നെടുംതൂണായ മെഗാസ്റ്റാർ വിവിധ ഭാഷകളിലായി നാനൂറിനു മുകളിൽ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 1971 -ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ ഇന്ന് ‘ദി പ്രീസ്റ്റ്’ വരെ എത്തി നിൽക്കുന്നു ആ ജയിത്രയാത്ര.

അന്നും ഇന്നും എന്നും സിനിമയെ ഒരു ആവേശമായി തന്റെ സിരകളിൽ ആവാഹിച്ച് അതിനായി പ്രയത്നിച്ച് വിജയകരമായി മുന്നോട്ട് നീങ്ങുകയാണ് ഈ മഹാനടനം. ശരീര സംരക്ഷണത്തിന്റെയും, സൗന്ദര്യത്തിന്റെയും കാര്യത്തിൽ മറ്റാരേക്കാളും ബഹുദൂരം മുന്നിലാണ് ഇദ്ദേഹം എന്നത് ഇന്ത്യൻ സിനിമയിലെ പരസ്യമായ രഹസ്യമാണ്.യുവതലമുറയിലെ താരങ്ങൾ പോലും മാതൃകയാക്കുന്നുണ്ട് ഈ നിത്യയൗവ്വനത്തെ. ഈ പ്രായത്തിലും തന്റെ ശരീര സംരക്ഷണത്തിൽ കാണിക്കുന്ന അർപ്പണവും, ചിട്ടയായ ജീവിത ശൈലിയും മെഗാതാരത്തിന്റെ താരസിംഹാസനം നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്ന് നിസംശയം പറയാം.

വിപണിയിൽ ലഭിക്കുന്ന പുത്തൻ ഇലക്ട്രോണിക് ഉപകരണങ്ങൾ ആദ്യം സ്വന്തമാക്കുന്ന കാര്യത്തിലും,കാറുകളോടുള്ള പ്രിയത്തിലും മലയാളത്തിലെ ഒരു താരങ്ങളും മമ്മൂട്ടിയോട് കിടപിടിക്കില്ല. തന്റെ യൗവ്വനം നിലനിർത്തുന്നതിനെ കുറിച്ച് സഹപ്രവർത്തകർ ഉൾപ്പടെ പലരും ചോദ്യങ്ങൾ കൊണ്ട് വാചാലരായപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഒന്നുമാത്രമായിരുന്നു. ‘നിങ്ങൾ നിങ്ങളുടെ മനസ്സും ചിന്തയും ചെറുപ്പമാക്കി വെക്കു, നിങ്ങളുടെ ശരീരത്തിനും പ്രായമാവുകയില്ല’.

ഇനിയുമിനിയും സിനിമ പ്രേക്ഷകരെ അഭിനയ തികവുകൊണ്ട് വിസ്‌മയിപ്പിക്കാനാകട്ടെ ആയിരം പൂർണ്ണചന്ദ്രന്മാരെ കാണാനാകട്ടെ എന്ന് ആശംസിക്കുന്നു. പ്രിയതാരത്തിന് ഒരായിരം പിറന്നാൾ ആശംസകൾ
ഹാപ്പി ബെർത്ത്ഡേ മമ്മൂട്ടി.

Top