ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

indian-cricket

ന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. കെന്‍സിംഗ്ടണ്‍ ഓവലില്‍ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം.

പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവില്‍ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിര വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടേണ്ടി വന്നു. ചെറിയ സ്‌കോറായതിനാല്‍ വിരാട് കോലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രോഹിത് ശര്‍മ ഏഴാമനായാണ് എത്തിയത്. ബൗണ്ടറി പായിച്ച് ക്യാപ്റ്റന്‍ ജയമൊരുക്കുകയായിരുന്നു. 22.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് ടീം നേടിയത്.

അതേസമയം ടി20 ക്രിക്കറ്റില്‍ തന്റെ കഴിവ് തെളിയിച്ച സൂര്യകുമാര്‍ യാദവ് ഇതുവരെ ഏകദിന ക്രിക്കറ്റില്‍ തന്റെ മുദ്ര പതിപ്പിച്ചിട്ടില്ല. 50 ഓവര്‍ ഫോര്‍മാറ്റില്‍ സൂര്യയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. മോശം റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ സൂര്യയ്ക്ക് അവസരം നല്‍കി. ഈ അവസരം മുതലെടുക്കാന്‍ ടി20യിലെ നമ്പര്‍-1 ബാറ്റ്‌സ്മാന് കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്തുനില്‍ക്കെ കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് ഇന്ത്യ കടന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top