ദക്ഷിണാഫ്രിക്കയുമായുള്ള നാലാം ടി-20 ഇന്ന്

ന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ് . കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾ ഇന്നത്തെ കളിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 2-1 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരമ്പരയിൽ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ ഇന്ത്യ പരമ്പരയിൽ വിജയിച്ച് കയറുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ കളി ഇന്ത്യക്ക് നിർണായകമാകുന്നത് . ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. കളി ജയിച്ച് പരമ്പരയിൽ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടോപ്പ് ഓർഡറിൽ ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഫിഫ്റ്റി നേടാൻ താരത്തിനു സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയ ഋതുരാജ് ഗെയ്ക്‌വാദ് ഫോമിലേക്കെത്തിയതും ഇന്ത്യക്ക് ആശ്വാസമാണ്.

എയ്ഡൻ മാർക്രം പരുക്കേറ്റ് പുറത്തായത് ദക്ഷിണാഫ്രിക്കയുടെ ടീം ബാലൻസിനെ ബാധിച്ചിട്ടുണ്ട്. ഡികോക്ക് തിരികെയെത്തിയാൽ റീസ ഹെൻറിക്ക്സ് പുറത്തിരിക്കും. കഴിഞ്ഞ മത്സരങ്ങളിലൊന്നും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. വിജയിച്ച രണ്ട് മത്സരങ്ങളിലും വ്യക്തിഗത പ്രകടനങ്ങളാണ് അവരെ തുണച്ചത്. ആദ്യ കളിയിൽ ഡേവിഡ് മില്ലറും രണ്ടാം മത്സരത്തിൽ ഹെൻറിച് ക്ലാസനും അവരെ വിജയിപ്പിക്കുകയായിരുന്നു.

Top