രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. നിയമസഭയെ ഗവര്‍ണര്‍ അഭിസംബോധന ചെയ്യും. ഇന്ന് രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപന പ്രസംഗം നടത്തും. ഭരണത്തുടര്‍ച്ചയായതിനാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനത്തില്‍ നിന്ന് കാതലായ മാറ്റങ്ങളുണ്ടാകാനിടയില്ലെന്നാണ് സൂചന.

സാര്‍വത്രിക വാക്‌സിനേഷനില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയതുമടക്കമുള്ള സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയനിലപാടുകള്‍ നയപ്രഖ്യാപനത്തില്‍ വന്നേക്കാം. എങ്കില്‍ അത്തരം വിമര്‍ശനങ്ങളോടുള്ള ഗവര്‍ണറുടെ സമീപനവും ഉറ്റുനോക്കപ്പെടുന്നു. കഴിഞ്ഞ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളുള്‍പ്പെടെ ഗവര്‍ണര്‍ വായിച്ചിരുന്നു.

നാലിന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്ബത് തീയതികളില്‍ ബജറ്റിനെക്കുറിച്ച് പൊതുചര്‍ച്ച. 10ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ച. 11ന് സര്‍ക്കാര്‍ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും. 14ന് ധനവിനിയോഗ രണ്ടാംനമ്പര്‍ ബില്‍ പരിഗണിച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിയും.

ഇന്ന് രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിക്കും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാകാതിരുന്ന മന്ത്രി വി. അബ്ദു റഹ്മാനും നെന്മാറ അംഗം കെ. ബാബുവും ഇന്ന് രാവിലെ 8ന് സ്പീക്കറുടെ ചേംബറിലെത്തി സത്യപ്രതിജ്ഞ ചെയ്യും.

Top