പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന്

തിരുവനന്തപുരം: പുതുതായി ചുമതല ഏറ്റെടുത്ത കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംഘടനാ തെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. ഇന്നലെ ആരംഭിച്ച അംഗത്വവിതരണം കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് എത്തുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ യോഗത്തില്‍ പങ്കെടുക്കും. പുനഃസംഘടനയില്‍ അതൃപ്തരായ മുതിര്‍ന്ന നേതാക്കളായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. ഭൂരിഭാഗം പ്രധാന നേതാക്കള്‍ക്കും ഈ കാര്യത്തില്‍ പരാതിയുണ്ട്.

സിനിമാതാരം ജോജു ജോര്‍ജിന് നേരെയുണ്ടായ കയ്യേറ്റത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണത്തിന് എതിരെയും വിമര്‍ശനം ഉയര്‍ന്നേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ യോഗത്തില്‍ പങ്കെടുക്കും. കെപിസിസി നിര്‍വാഹക സമതി അംഗങ്ങള്‍, കെപിസിസി സ്ഥിരം ക്ഷണിതാക്കള്‍, കെപിസിസി പ്രത്യേക ക്ഷണിതാക്കള്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. നാളെ നിര്‍വാഹക സമതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.

Top