അനശ്വര പ്രണയകാവ്യം ‘എന്ന് നിന്റെ മൊയ്തീന്’ ഇന്ന് അഞ്ച് വയസ്സ് തികയുന്നു

ലയാള സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയ കാവ്യം ‘എന്ന് നിന്റെ മൊയ്തീൻ’ പുറത്തിറങ്ങിയിട്ട് ഇന്ന് അഞ്ചു വർഷം തികയുന്നു. ബി പി മൊയ്തീന്റെയും കാഞ്ചനമാലയുടെയും കാലാതീതമായ പ്രണയകഥ ചലച്ചിത്രം ആയപ്പോൾ ഇരുവർക്കും കഥാപാത്രങ്ങളായി ജീവൻ നൽകിയത് പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തുമായിരുന്നു. ആർ എസ്സ് വിമൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2015 സെപ്റ്റംബർ 19-ന് പുറത്തിറങ്ങിയ ചിത്രം അതുവരെ ഇറങ്ങിയ മലയാളം റൊമാന്റിക് സിനിമകൾക്കു മുകളിൽ പുതിയൊരു മാനം തന്നെ സമ്മാനിക്കുകയാണ് ചെയ്തത്.

ജനപ്രീതി ആകർഷിക്കുന്നതിനൊപ്പം ബോക്സോഫീസിൽ ചിത്രം വമ്പൻ വിജയമായി മാറുകയും ചെയ്തിരുന്നു. കൂടാതെ ആ വർഷത്തെ ദേശീയ -സംസ്ഥാന അവാർഡുകളും,സൗത്ത് ഫിലിം ഫെയർ അവാർഡും മറ്റു നിരവധി അവാർഡുകളും ചിത്രം വാരിക്കൂട്ടി.

പൃഥ്വിരാജിന്റെയും പാർവതിയുടെയും കഥാപാത്രങ്ങൾക്കൊപ്പം ടോവിനോ തോമസ് അവതരിപ്പിച്ച പെരുമ്പറമ്പിൽ അപ്പു എന്ന കഥാപാത്രവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താരങ്ങളുടെ പ്രകടനങ്ങൾക്കൊപ്പം തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതവും ഒന്നിനൊന്നായി മികച്ചു നിന്നു. എം ജയചന്ദ്രൻ സംഗീതം നൽകിയ ‘കാത്തിരുന്നു കാത്തിരുന്നു’ എന്നു തുടങ്ങുന്ന ശ്രേയ ഘോഷാൽ ആലപിച്ച ഗാനം മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി കൊടുത്തു.

1960 -കളിൽ കോഴിക്കോട് മുക്കത്ത് നടന്ന കാഞ്ചനമാലയുടെയും മൊയ്തീന്റെയും ഈ പ്രണയ ജീവിതകഥ ഇന്നും അതുല്യ പ്രണയത്തെ ഇഷ്ടപ്പെടുന്നവർ കാലാതീതമായി കണക്കാക്കുന്നു. നിരൂപക പ്രശംസക്കൊപ്പം വാണിജ്യപരമായും മികച്ച വിജയം കൊയ്ത എന്ന് നിന്റെ മൊയ്തീൻ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായി മാറുകയായിരുന്നു.

 

Top