ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയര്‍ത്തി ഇന്ന് ബലി പെരുന്നാള്‍. ലോകമാകെ കൊവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ ഈ പെരുന്നാളില്‍ പക്ഷേ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികള്‍. ഇത്തവണയും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ നിസ്‌ക്കാരവും ബലിയറുക്കലും.

പ്രവാചകന്‍ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാള്‍. തക്ബീര്‍ ധ്വനികള്‍ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. ആശംസകള്‍ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും ഒത്തൊരുമയുടെ പങ്കുവെക്കലുകള്‍ നടക്കുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതുകൊണ്ട് പതിവ് ഈദ് ഗാഹുകള്‍ ഇത്തവണയുണ്ടാവില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കും. ദൈവീക പരീക്ഷണങ്ങളെല്ലാം അതിജീവിച്ച പ്രവാചകന്‍ ഇബ്രാഹിമിന്റെ സന്ദേശം കൊവിഡ് ജാഗ്രതയില്‍ വിശ്വാസികളും കൈമുതലാക്കുന്നു. ജീവന്റെ വിലയുള്ള കരുതല്‍ കൈവിടരുതെന്ന് മതനേതാക്കളും.

Top