മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ

ലയാളികളുടെ എക്കാലത്തെയും പ്രിയ നായിക ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ.തന്മയത്വമാർന്ന പ്രകടനങ്ങളിലൂടെ മലയാളത്തിലും തമിഴിലുമെല്ലാം ആരാധകരെ സൃഷ്ടിച്ച ഈ അതുല്യ പ്രതിഭക്ക് ഇന്ന് നാല്പത്തി രണ്ട് വയസ്സ് തികയുകയാണ്. കൂടാതെ മഞ്ജു അഭിനയ ജീവിതത്തിൽ ഈ വർഷം കാൽനൂറ്റാണ്ടുകൾ പിന്നിടുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഒരു നായികയെ സംബന്ധിച്ചിടത്തോളം ഇത്രയും നാൾ ഇൻഡസ്ട്രിയിൽ നിന്നും കാലഹരണപ്പെടാതെ ജനപ്രീതിയോടെ നിലനിൽക്കുക എന്നത് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. ചെയ്ത വേഷത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചതു തന്നെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി ഇത്രയും നാൾ നിലനിൽക്കുവാൻ മഞ്ജുവിനെ സഹായിച്ച വലിയ സ്രോതസ്സ് എന്ന് നിസംശയം പറയാം. തങ്ങൾ കണ്ട കാഴ്ചയേക്കാൾ അതിമനോഹരമായിരിക്കും,സുന്ദരമായിരിക്കും മഞ്ജുവിന്റേതായി വരാനിരിക്കുന്ന കഥാപാത്രങ്ങളും സിനിമ കാഴ്ചകളും എന്നത് മഞ്ജുവെന്ന പ്രതിഭയുടെ കഴിവ് അറിയുന്ന ആരും നൂറുവട്ടം സമ്മതിക്കും.

വിവാഹത്തെ തുടർന്ന് വിട്ടുനിന്ന ചില വർഷങ്ങൾ മാറ്റി നിർത്തിയാൽ തുടക്കം തൊട്ടിന്നു വരെ മഞ്ജുവിനോടുള്ള മലയാളികളുടെ ഇഷ്ടം കൂടിയിട്ടേയുള്ളു. ബ്രഹ്മാണ്ഡ ചിത്രം മരക്കാർ, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്, സഹോദരൻ മധു വാര്യർ സംവിധാനം ചെയുന്ന ലളിതം സുന്ദരം, നിവിൻ പോളി ചിത്രം പടവെട്ട്, സണ്ണി വെയിൻ ചിത്രം ചതുർമുഖം എന്നിവയാണ് മഞ്ജുവിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

വരാനിരിക്കുന്ന വിസ്മയ കാഴ്ചകള്‍ അഭിനയ ജീവിതത്തിലെ മികച്ച ഏടുകളാകട്ടെ, ഒപ്പം അവയെല്ലാം പ്രേക്ഷകർക്കും പ്രിയപ്പെട്ടതായി മാറട്ടെ എന്ന് ആശംസിക്കുന്നു. നേരുന്നു ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ.

Top