മലയാളത്തിന്റെ സ്റ്റൈലിഷ് ഡയറക്ടർ അമൽ നീരദിന് ഇന്ന് പിറന്നാൾ

ലയാള സിനിമയിലെ ദി മോസ്റ്റ്‌ വാണ്ട്ഡ്‌ ഡയറക്ടർ അമൽ നീരദിന് ഇന്ന് പിറന്നാൾ. കാലാകാലങ്ങളായുള്ള മലയാള സിനിമയുടെ മേക്കിങ് രീതികൾക്ക് പുതിയ പാത വെട്ടിതെളിച്ചുകൊണ്ടാണ് അദ്ദേഹം സിനിമ രംഗത്തെ തന്റെ സിംഹാസനം അരക്കിട്ടുറപ്പിക്കുന്നത്.

എറണാകുളം മഹാരാജാസ് കോളേജിൽ രണ്ടു വട്ടം ചെയർമാൻ സ്ഥാനം വഹിച്ച അദ്ദേഹം, കോളേജ് പഠനത്തിന് ശേഷം സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്ര പഠനം പൂർത്തിയാക്കി. ബോളിവുഡ് ഡയറക്ടർ രാം ഗോപാൽ വർമ്മക്കൊപ്പം ഛായാഗ്രാഹകനായി പ്രവർത്തിച്ച അദ്ദേഹം 2004 ൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്.

പിന്നീട് 2007-ൽ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് അദ്ദേഹം കടന്നുവന്നു. അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ മേക്കിങ് രീതികളെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു ബിഗ് ബിയുടെ വരവ്. ആദ്യത്തെ ചിത്രം കൊണ്ട് തന്നെ സംവിധാന മികവുകൊണ്ടും മേക്കിങ് രീതിയിലെ വ്യത്യസ്തത കൊണ്ടും ഒരു അമൽ നീരദ് സ്റ്റൈൽ എന്ന ലേബൽ മലയാള സിനിമ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

പിന്നീട് മലയാള സിനിമ കണ്ടത് അമൽ നീരദിനു മാത്രം അവകാശപ്പെടാൻ സാധിക്കുന്ന സ്റ്റൈലിഷ് സിനിമകളുടെ പിറവികളാണ്. തന്റെ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ അഴവും പരപ്പും വ്യക്തമാക്കുന്നതിനൊപ്പം കഥയുടെയും, കഥാപാത്രങ്ങളുടെയും ദൃഢമായ, വ്യക്തമായ, കെട്ടുറപ്പുള്ള രാഷ്ട്രീയം പറയുന്നതിനും അദ്ദേഹം ശ്രദ്ധകൊടുക്കാറുണ്ട്. അൻവറും,സി. ഐ. എയും, ഇയ്യോബിനെ പുസ്തകവും വരത്തനുമെല്ലാം, അതിന്റെ ചങ്കുറപ്പുള്ള ഉദാഹരണങ്ങളാണ്.

മലയാള സിനിമയിലെ താരങ്ങളുടെ ഹീറോയിസവും, വേഷവിധാനാവുമെല്ലാം ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മാത്രം പ്രത്യേകതകളാണ്. ഒരു പിടി നല്ല ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിക്കുന്നതിനൊപ്പം 2012 -ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലൂടെ സംവിധാനത്തിനൊപ്പം അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിർമാണ രംഗത്തെക്കും അദ്ദേഹം കാലെടുത്തു വെച്ചു.

ഫഹദ് ഫാസിലിനെ നായകനാക്കി 2014-ൽ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹം കരസ്ഥമാക്കി. മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച പീരിയഡ് ഡ്രാമകളിൽ ഒന്നായ ഇയോബിന്റെ പുസ്തകം സംവിധാനം ചെയ്തതും നിർമിച്ചതും അദ്ദേഹം തന്നെയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി 2018 ൽ അദ്ദേഹം ഒരുക്കിയ ഫാമിലി ത്രില്ലർ വരത്തനും ബോക്സ്‌ ഓഫീസിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അൻവർ റഷീദ് ചിത്രം ട്രാൻസ് ആണ് അദ്ദേഹം അവസാനമായി ക്യാമറ ചലിപ്പിച്ച ചിത്രം.

ആദ്യ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ ആണ് അമൽ നീരദിന്റെതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ സിനിമ ലോകവും ആരാധകരും വലിയ ആകാംഷയോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്.

മലയാള സിനിമക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച മോസ്റ്റ്‌ സ്റ്റൈലിഷ് ഫിലിം മേക്കറിന് നേരുന്നു പിറന്നാൾ ആശംസകൾ.

Top