മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ഇന്ന് 98-ാം പിറന്നാള്‍

ലയാള സിനിമയുടെ മുത്തശ്ശൻ എന്ന് അറിയപ്പെടുന്ന പ്രിയപ്പെട്ട പി. വി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ഇന്ന് 98- പിറന്നാൾ. ഈ പ്രായത്തിലും തന്റെ ജീവിതചര്യകൾക്ക് ഒരു മുടക്കവും വരുത്താതെയാണ് അദ്ദേഹത്തിന്റെ ദിനങ്ങൾ.

പയ്യന്നൂർ കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇപ്പോൾ തറവാട്ടു വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ല. ഇളയമകൻ പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയാവാൻ ഫെബ്രുവരിയിൽ എറണാകുളത്ത് പോയിരുന്നു.

ഇത്തവണ പിറന്നാളിന് ആഘോഷങ്ങളില്ല. പേരക്കുട്ടി നിഹാരയുടെയും പിറന്നാളാണ് ശനിയാഴ്ച. മകൾ ദേവകിയും ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും മകൻ ഭവദാസനും ഭാര്യ ഇന്ദിരയും മകൾ യമുനയും ഭർത്താവ് പുരുഷോത്തമനും ഇളയമകൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനും ഭാര്യ നിതയും പേരക്കുട്ടികളും ഈ വർഷം പിറന്നാളിന് തറവാട്ടിലുണ്ടാവും.

ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി. കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻ വേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാള സിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾ മാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റം വരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

Top