പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. വാക്‌സീന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ ‘നമോ ആപ്പ്’ വഴി പ്രചരിപ്പിക്കും.

ഉത്തര്‍പ്രദേശില്‍ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ആഹ്വാനവും നല്‍കും. ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വിപുലമായി തന്നെയാണ് ബിജെപി കേരള ഘടകവും ആഘോഷിക്കുന്നത്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാര്‍ത്ഥന നടത്തുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

Top