ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് പത്താം മത്സരം

Kerala blasters

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് പത്താം മത്സരം. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. സീസണില്‍ ഇരു ടീമും നേരിട്ടത് ഒറ്റത്തോല്‍വി മാത്രം. ഈ വര്‍ഷത്തെ ആദ്യകളിയില്‍ സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെയും ഹൈദരാബാദിന്റേയും ലക്ഷ്യം വിജയവഴിയിലെത്തുക.

ഒരാഴ്ചത്തെ വിശ്രത്തിലൂടെ ഊ!ര്‍ജ്ജം സംഭരിച്ചെത്തുന്ന ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാവുക ബാര്‍ത്തലോമിയോ ഒഗ്ബചേ. ഒന്‍പത് ഗോള്‍ നേടിക്കഴിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍താരം കൂടിയായ ഒഗ്ബചെയെ പിടിച്ചുകെട്ടാന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് പ്രത്യേക തന്ത്രങ്ങള്‍ ഒരുക്കുമെന്നുറപ്പ്. മലയാളിതാരം സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വേസ്, ഹോര്‍ജെ പെരേര ഡിയാസ് കൂട്ടുകെട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷയത്രയും.

ഹൈദരാബാദ് 20 ഗോള്‍ നേടിയപ്പോള്‍ ഒന്‍പതെണ്ണം വഴങ്ങി. ബ്ലാസ്‌റ്റേഴ്‌സ് നേടിയത് പതിനഞ്ച് ഗോള്‍. വഴങ്ങിയത് പത്തും. നേര്‍ക്കുനേര്‍ കണക്കില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. നാല് കളിയില്‍ ബ്ലാസ്‌റ്റേഴ്സിനും ഹൈദരാബാദിനും രണ്ട് ജയം വീതം. ഹൈദരാബാദ് ഏഴ് ഗോളടിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുകൊടുത്തത് എട്ടെണ്ണം.

Top