മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാൾ

ലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാൾ. അഭിനയ തികവുകൊണ്ടും അർപ്പണബോധ കൊണ്ടും മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തുവാൻ സാധിച്ച നടനാണ് പൃഥ്വി. 2002-ൽ നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. എന്നാൽ പൃഥ്വിയുടെ ആയി ആദ്യം റിലീസാകുന്ന ചിത്രം രഞ്ജിത്ത് ഒരുക്കിയ നന്ദനമാണ്. നന്ദനത്തിലെ മനു എന്ന കഥാപാത്രം പ്രേക്ഷമനസ്സിൽ ഇടം നേടിയത് പോലെ പൃഥ്വിയും അന്നു മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരനായി.

പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ പുതിയ താരോദയത്തിനാണ് മലയാളി സിനിമ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. പിന്നീടൊരിക്കൽ കരിയറിലെ ഏറ്റവും വലിയ വിഷമഘട്ടത്തിൽ തുടരെത്തുടരെ പരാജയങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോൾ തളരാതെ അർപ്പണബോധത്തോടെ സിനിമയെ പൃഥ്വി നെഞ്ചോടു ചേർത്തു. പിന്നീട് പൃഥ്വിരാജ് എന്ന കാര്യത്തിൽ നിന്നും മികച്ച ഒരു നടനിലേക്കുള്ള യാത്ര ഒട്ടും തന്നെ വിദൂരമല്ലായിരുന്നു. തന്നെ കളിയാക്കിയ പ്രേക്ഷകരെ കൊണ്ടു തന്നെ കയ്യ് അടിപ്പിച്ചു ഈ ചെറുപ്പക്കാരൻ. അഭിനയത്തികവിനുള്ള അംഗീകാരമായി രണ്ടുവട്ടം മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

മലയാളം കണ്ട ഏറ്റവും വലിയ വിജയമായി മാറിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ കീഴടക്കി ഇരുന്നൂറ്‌ കോടി ക്ലബ്ബിൽ എത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിലൂടെ സംവിധാനമെന്ന സ്വപ്നവും 2019-ൽ പൃഥ്വിരാജ് സാക്ഷാത്കരിച്ചു. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ്, 2020 ആദ്യം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിലൂടെ തുടരെത്തുടരെ രണ്ട് ബ്ലോക്ബസ്റ്ററുകൾ മലയാള സിനിമയ്ക്ക് പൃഥ്വി സമ്മാനിച്ചു.

കഠിനമായ പ്രയത്നത്തിലൂടെ ഇരുപതിന് മുകളിൽ ശരീര ഭാരമാണ് അണിയറയിൽ ഒരുങ്ങുന്ന ബ്ലെസ്സി ചിത്രം ആടുജീവിതത്തിനായി പൃഥ്വിരാജ് കുറച്ചത്. ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കുന്ന ജനഗണമന, നവാഗതനായ ഗോകുൽ രാജ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ റിയാലിറ്റി ചിത്രം, അന്തരിച്ച ചലച്ചിത്രകാരൻ സച്ചിയുടെ തിരക്കഥയിൽ ജയൻ നമ്പ്യാർ അണിയിച്ചൊരുക്കുന്ന വിലയത്ത് ബുദ്ധ, ആഷിക് അബു ചിത്രം വാര്യംകുന്നൻ എന്നിവയാണ് പൃഥ്വിരാജിന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. താര സിംഹാസനത്തിന്റെ വിജയവിഹായസ്സിൽ വിജയശ്രീലാളിതനായി മുന്നേറുന്ന മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിന് ഒരായിരം പിറന്നാൾ ആശംസകൾ.

Top