ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം; ഇതുവരെ കൊല്ലപ്പെട്ടത് 11500 ലധികം പേര്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. കഴിഞ്ഞ മാസം ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസ തകര്‍ന്നടിഞ്ഞു. 11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേല്‍.

ഒക്ടോബര്‍ ഏഴിനാണ് പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിക്കൊണ്ട് ഇസ്രയേലില്‍ നുഴഞ്ഞു കയറി ഹമാസ് മിന്നലാക്രമണം നടത്തി, ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ലഡ്. ചാരസംഘടനയായ മൊസാദിന്റേയും ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഷിന്‍ ബെത്തിന്റേയും കണ്ണുവെട്ടിച്ചുള്ള ആക്രമണത്തില്‍ ഇസ്രയേല്‍ മാത്രമല്ല ലോകവും ഞെട്ടി.

യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേലായിരിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഓപ്പറേഷന്‍ അയേണ്‍ സ്വേഡ് എന്ന പേരിലായിരുന്നു തിരിച്ചടി. ഇസ്രയേല്‍ ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവും ശക്തമാക്കിയതോടെ ഗാസ കണ്ണീര്‍ മുനമ്പായി മാറി. 30 ദിവസം കൊണ്ട് 11500 ലധികം പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ മാത്രം പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലായിരത്തിലധികം കുഞ്ഞുങ്ങളും. കെട്ടിടങ്ങളും പാര്‍പ്പിടങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി.

Top