മലയാളത്തിന്റെ നടനവിസ്മയം മമ്മുട്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍

ലയാളത്തിന്റെ നിത്യഹരിത നടന വിസ്മയം മമ്മുട്ടിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ മുപ്പത്തിയെട്ട് സെക്കന്‍ഡ് നീണ്ടു നിന്ന ദൃശ്യത്തില്‍ തുടങ്ങി ഇന്നും തീരാത്ത ഭാവപകര്‍ച്ചകളുമായി ഇന്നും സിനിമ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. പി ഐ മുഹമ്മദ് കുട്ടിയില്‍ നിന്നും മമ്മുട്ടി എന്ന മെഗാസ്റ്റാറിലേക്ക് വളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതകാലം മലയാള സിനിമയുടെ കൂടി വളര്‍ച്ചാഘട്ടമാണ്.

മൂന്ന് തവണ മികച്ച നടനുള്ള ദേശീയപുരസ്‌കാരം. അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം. 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരം. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയും, ആ വര്‍ഷം ഡിസംബറില്‍ തന്നെ കാലിക്കറ്റ് സര്‍വകലാശാലയും ഹോണററി ഡോക്ടറേറ്റ് നല്‍കിയും മമ്മുട്ടിയെ ആദരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് 1951 സെപ്റ്റംബര്‍ 7 നാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി ജനിക്കുന്നത്. സിനിമയെ മനസില്‍ കൊണ്ടു നടക്കുമ്പോള്‍ തന്നെ അഭിഭാഷകനായി. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി. പിന്നീട് അഭിനയ രംഗത്തേക്ക്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തി.

സെപ്തംബര്‍ 7 ന് മമ്മുട്ടിയ്ക്ക് 70 വയസ് തികയുമ്പോള്‍ എഴുപതിറ്റാണ്ടിന്റെ ചെറുപ്പം എന്ന പ്രയോഗം ആവര്‍ത്തന വിരസത സൃഷ്ടിച്ചേക്കാം. എന്നാല്‍ അഭിനയത്തോടുള്ള തീരാത്ത അഭിനിവേശമാണ് ആ മനുഷ്യനെ ഇന്നും സൂപ്പര്‍ സാറ്റാര്‍ പദവിയില്‍ നിലനിര്‍ത്തുന്നത്. പുതുമകള്‍ കൊണ്ടുവരാനുള്ള താല്‍പര്യവും നിലവാരമുള്ള സിനിമകളുടെ ഭാഗമാകാനുള്ള പ്രയത്‌നവും കൂടിച്ചേരുമ്പോള്‍ മമ്മുട്ടി ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത അഭിനേതാവാക്കി മാറ്റുന്നു.

Top