today is last date of market transation ban notes

തിരുവനന്തപുരം:അസാധുനോട്ടുകളുടെ വിപണിയിലെ ക്രയവിക്രയം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുന്നു. എന്നാല്‍ അസാധുവാക്കിയ 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം.

ഇന്ന് അര്‍ദ്ധരാത്രിക്കുശേഷം പെട്രോള്‍ പമ്പുകളിലടക്കം അസാധുനോട്ടുകള്‍ സ്വീകരിക്കില്ല. ഈ മാസം എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയത്. അതിനുശേഷം പെട്രോള്‍ പമ്പുകളിലും റയില്‍വെ സ്റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും അസാധുനോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്.

ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, ജലഅതോറിറ്റി ബില്ലുകളും നിലവില്‍ അസാധുനോട്ടുകളില്‍ അടയ്ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയില്ലെങ്കിലും ഇന്നലെയും ട്രഷറികള്‍ അസാധുനോട്ടുകളില്‍ നികുതികളും ഫീസുകളും സ്വീകരിച്ചു. ബാങ്കുകളില്‍ നിന്ന് നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധികുറയ്ക്കുകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതപ്പോള്‍ ജനം അസാധുനോട്ടുകളുടെ വിനിമയം നടത്തിയത് ഈ മാര്‍ഗങ്ങളിലൂടെ ആയിരുന്നു.

ഇതെല്ലാം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുകയാണ്. നാളെ മുതല്‍ അസാധുനോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് രണ്ട് മാര്‍ഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും വഴി ഒരിക്കല്‍ മാത്രം അസാധുനോട്ടുകള്‍ മാറി വാങ്ങാം, അതും 2500 രൂപ മാത്രം. മതിയായ രേഖകളുണ്ടെങ്കില്‍ എത്രരൂപവരെയും സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.

അടുത്തമാസം 30 വരെയാണ് ഇതിന് അനുമതിയുള്ളത്. പുതിയ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്നത് വൈകിയാല്‍ വാട്ടര്‍ബില്‍ അടയ്ക്കുന്നതിനുള്ള തീയതി നീട്ടിക്കൊടുക്കുന്നത് ജലവിഭവവകുപ്പ് പരിഗണിക്കുന്നുണ്ട്. ഇലക്ട്രിസിറ്റി ബില്‍ അടച്ചില്ലെങ്കിലും വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിന് മുപ്പതാം തീയതി വരെ സാവകാശം നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു

Top