കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ശിശുദിനം

ഡല്‍ഹി : ഇന്ന് നവംബര്‍ 14 ശിശുദിനം. ശിശുദിനം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രമാണ്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി നാം ആഘോഷിക്കുന്നത്. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. കുട്ടികളുടെ സ്വന്തം ചാച്ചാജി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ബാലാവകാശങ്ങളെ കുറിച്ച് അവബോധം വളര്‍ത്താന്‍ കൂടിയാണ് നമ്മുടെ രാജ്യം ഈ ദിനം ഉപയോഗിക്കുന്നത്. നവംബര്‍ 14ന് ഈ ദിനം ആഘോഷിക്കാനും കാരണമുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തോടുള്ള ആദരവ് കൂടി പ്രകടമാക്കാനാണ് ഇത്. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന നെഹ്റു അവര്‍ക്കിടയില്‍ ചാച്ചാ നെഹ്റു എന്ന് അറിയപ്പെട്ടിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളും അത് ലഭ്യമാക്കാനും നെഹ്റു ഏറെ പരിശ്രമിച്ചിരുന്നു.

സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞന്‍, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്റു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്. 1964- ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20 – ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു.

Top