മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം

‘ഇസ്ലാമോഫോബിയ യാഥാര്‍ഥ്യമാണ്. ലോകത്തിന്റെ പല ഭാഗത്തും മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും വിവേചനവും വര്‍ധിച്ചുവരികയാണ്,’ ഈ വാദം ചൂണ്ടിക്കാട്ടിയാണ് രണ്ട് വര്‍ഷം മുന്‍പ് മാര്‍ച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ്) അവതരിപ്പിക്കുന്നത്. 57 ഒഐസി രാജ്യങ്ങള്‍ക്കുപുറമെ റഷ്യയും ചൈനയും പ്രമേയത്തെ അനുകൂലിച്ചു. തുടര്‍ന്നാണ് ആഗോള തലത്തില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന ഭീതിപടര്‍ത്തലിനും വിദ്വേഷപ്രചാരണങ്ങള്‍ക്കുമെതിരെ പൊരുതാന്‍ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്. എന്നാല്‍ ഇതിനോട് ഇന്ത്യ യോജിച്ചിരുന്നില്ല.

മറ്റു മതങ്ങളെ മാറ്റിനിര്‍ത്തി ഒരു മതത്തിനെതിരായ വിദ്വേഷം മാത്രമുന്നയിച്ച് അന്താരാഷ്ട്രതലത്തില്‍ ദിനാചരണം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും യുക്തിപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ യു എന്നില്‍ വിമര്‍ശനമുയര്‍ത്തിയത്. ഫ്രാന്‍സിന്റെയും യൂറോപ്യന്‍ യൂണിയന്റെയും പ്രതിനിധികളും പ്രമേയത്തിനെതിരെ സമാന വിമര്‍ശനം ഉയര്‍ത്തി.

ഇന്ത്യയില്‍ വര്‍ഗീയപ്രസംഗങ്ങളില്‍ ക്രമാനുഗതമായ വര്‍ധനവാണ് കുറേ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങള്‍ക്കും ഇസ്ലാം മതത്തിനുമെതിരെയായിരുന്നു. ഇന്ത്യ ഹേറ്റ് ലാബ് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 668 വര്‍ഗീയപ്രസംഗങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 2022ല്‍ ഒഐസി ഐക്യരാഷ്ട്ര സഭയില്‍ (യു എന്‍) അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചിരുന്നില്ല.

Top