എം ശിവശങ്കറിന് ഇന്ന് നിര്‍ണായകദിനം

കൊച്ചി: എം ശിവശങ്കറിന് ഇന്ന് നിര്‍ണായകദിനം. സ്വർണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് രാവിലെ 11 മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കസ്റ്റംസിന്‍റെ സ്വർണ കടത്ത് കേസിലും ഇഡിയുടെ കള്ളപണ കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിന്  ഡോളർ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാൽ പുറത്തിറങ്ങാം. ഡോളർ കടത്തുമായി  തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ  ഒരു തെളിവും ഹാജരാക്കാൻ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.  കസ്റ്റഡിയിൽ വെച്ച് പ്രതികൾ  നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളത്.  കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളർ കടത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.

വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ റിമാൻഡിലാണ്. അടുത്ത മാസം 9 വരെയാണ് റിമാൻഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.

Top