പാലാക്കാരുടെ പ്രിയനേതാവ്; കെ എം മാണിയുടെ ഒന്നാം ചരമവാര്‍ഷികം ഇന്ന്

കോട്ടയം: പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരം വയ്ക്കാനാവാത്ത മുഖം…കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിയുടെ ഒന്നാം ചരമവാര്‍ഷികം ഇന്ന്. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അനുസ്മരണ പരിപാടികള്‍ ഒഴിവാക്കി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഓര്‍മദിനം ആചരിക്കുന്നത്. മാണിയോടുള്ള ആദരസൂചകമായി ഇന്ന് പ്രവര്‍ത്തകര്‍ കൊവിഡ് സേവന പരിപാടികളില്‍ സജീവമാകുമെന്ന് ജോസഫ് വിഭാഗവും അറിയിച്ചിട്ടുണ്ട്.

1965 മുതല്‍ 13 തവണ ഒരിക്കല്‍ പോലും തോല്‍വിക്ക് വിട്ട് കൊടുക്കാതെയാണ് പാലാക്കാര്‍ കെഎം മാണിയെ വിജയപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ കെഎം മാണിയുടെ പേരില്‍ പല റെക്കോര്‍ഡുകളും.

സംസ്ഥാനത്ത് വെളിച്ച വിപ്ലവത്തിന് തുടക്കമിട്ടത് കെഎം മാണി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു. പിളരും തോറും വളരുന്ന പാര്‍ട്ടിയെന്ന വിശേഷമാണ് കേരള കോണ്‍ഗ്രസിന് കെഎം മാണി നല്‍കിയിരുന്നത്. കെഎം മാണിക്ക് മുന്‍പും പിന്‍പും എന്ന് കേരളാ രാഷ്ട്രീയവും കേരളാ കോണ്‍ഗ്രസ് ചരിത്രവും മാറ്റിയെഴുതപ്പെട്ടു. അദ്ദേഹത്തിന്റെ മരണ ശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്ന് രണ്ട് വഴിക്കായി.

Top