പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം ഉയര്‍ത്താനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ 18 വയസ്സ് എന്നത് 21 ആക്കി ഉയര്‍ത്താനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്.

പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായ പരിധി ഉയര്‍ത്തുന്നതോടെ കോളേജ് പരിസരത്ത് ഇവയുടെ വില്‍പ്പന നിയന്ത്രിക്കാനാവും.

നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്‍കിയാലും കനത്ത പിഴയീടാക്കും.

Top