നാശം വിതച്ച് ഉംപുണ്‍ തീരത്തേക്ക്; ബംഗാളില്‍ രണ്ട് മരണം

ന്യൂഡല്‍ഹി: മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആഞ്ഞടിച്ച് കൊല്‍ക്കത്തയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. വൈകിട്ട് ഏഴുമണിയോടെയാണ് ഉംപുന്‍ കരയില്‍ പ്രവേശിച്ചത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് ബംഗാളില്‍ രണ്ടുപേര്‍ മരിച്ചു. കൊല്‍ക്കത്തയില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. അഗ്‌നിരക്ഷാ സേനയും പൂര്‍ണസജ്ജരാണ്.

നാവികസേനയുടെ ഡൈവര്‍മാര്‍ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറില്‍ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലര്‍ വെതര്‍ റഡാര്‍ (ഡിഡബ്ല്യുആര്‍) ഉപയോഗിച്ച് ചുഴലിക്കാറ്റിന്റെ ഗതി നിരന്തരം നിരീക്ഷിക്കുന്നുണ്ട്

Top