ദില്ലിയിലെ ക്രമസമാധാനം പാലിക്കുന്നത് ശ്രദ്ധിക്കാൻ ലെ. ഗവർണർക്ക് കെജ്രിവാളിന്റെ ഉപദേശം

ദില്ലി: ക്രമസമാധാന പാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദില്ലി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക്സേനയെ ഉപദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ​ഗവർണറുടെ കത്തിന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാൻ സമ്മതമാണെന്ന് ​ഗവർണർ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, എല്ലാ എംഎൽഎമാരുമായും കാണണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ​ഗവർണർ നിരാകരിച്ചു.

​ഗവർണർക്ക് തങ്ങളെ അഞ്ച് മിനിറ്റ് കാണാമായിരുന്നുവെന്നാണ് ഇപ്പോൾ കെജ്‌രിവാൾ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങളെ കാണാൻ നിങ്ങൾക്ക് അഞ്ച് മിനിറ്റ് ചെലവാക്കാമായിരുന്നു. ദില്ലി മന്ത്രിസഭയും എംഎൽഎമാരും നിങ്ങളുടെ വസതിക്ക് പുറത്ത് നിൽക്കുകയായിരുന്നെങ്കിൽ അത് ദില്ലിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമായിരിക്കുമെന്ന് വ്യക്തമാണല്ലോ കെജ്രിവാൾ ലഫ്റ്റനന്റ് ​ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞു. ദില്ലിയിലെ സർക്കാർ സ്‌കൂളുകളിൽ ഹാജർ കുറവാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ​ഗവർണർ കെജ്‌രിവാളിനെ കടന്നാക്രമിച്ചിരുന്നു.സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഹാജർനില 2012-2013ൽ 70.73 ശതമാനമായിരുന്നു. അത് 2019-2020ൽ 60.65 ശതമാനമായി കുറഞ്ഞെന്നാണ് ​ഗവർണർ പറഞ്ഞത്. കേന്ദ്ര സർക്കാരും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മുൻകാലങ്ങളിൽ ദില്ലിയിലെ ജനങ്ങളുടെ ജോലി തടസ്സപ്പെടുത്തിയിരുന്നില്ലെങ്കിൽ, അവർ ഇപ്പോൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമായിരുന്നു എന്നാണ് ഇതിനു മറുപടിയായി കെജ്രിവാൾ പറഞ്ഞത്.

ഒരു സംവിധാനവും പൂർണമായും തികഞ്ഞതല്ല. മുൻകാലങ്ങളെ അപേക്ഷിച്ച് ദില്ലിയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്,” കെജ്രിവാൾ കത്തിൽ പറഞ്ഞു. ഒരു വശത്ത്, മൊഹല്ല ക്ലിനിക്ക് ഡോക്ടർമാരുടെ ശമ്പളം, ലാബ് ടെസ്റ്റുകൾ, വാടക, വൈദ്യുതി ബില്ലുകൾ എന്നിവ ​ഗവർണർ നിർത്തലാക്കുന്നു. തുടർന്ന് മൊഹല്ല ക്ലിനിക്കുകൾ നന്നായി പ്രവർത്തിക്കുന്നില്ലെന്ന്പ റയുന്നു. ദില്ലി ജൽ ബോർഡിന്റെ എല്ലാ ഫണ്ടുകളും നിർത്തിവയ്ക്കാൻ ​ഗവർണർ ഉദ്യോഗസ്ഥരോട് ഉത്തരവിടുന്നു, തുടർന്ന് ദില്ലിയിലെ ജനങ്ങൾക്ക് വെള്ളം കിട്ടാത്തതിൽ ആശങ്കയുണ്ടെന്ന് പറയുന്നു. കെജ്രിവാൾ കത്തിൽ കൂട്ടിച്ചേർത്തു.

രാജ്യതലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ പേരിലും ലെഫ്റ്റനന്റ് ​ഗവർണർക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ ആക്രമണം നടത്തി. ഭരണഘടന നിങ്ങൾക്ക് മൂന്ന് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട് – ദില്ലിയുടെ ക്രമസമാധാനം, ദില്ലി പൊലീസ്, ഡിഡിഎ. ഇന്ന് ദില്ലിയിലെ ക്രമസമാധാന നില രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥയിലാണ്. ലോകം ദില്ലിയെ ബലാത്സംഗ തലസ്ഥാനമെന്ന് വിളിക്കുമ്പോൾ ഓരോ ദില്ലിക്കാരനും ലജ്ജിച്ചു തല താഴ്ത്തുന്നു. ദില്ലിയിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണ്.ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാളിന് നേരെയും ആക്രമണം ഉണ്ടായി. വനിതാ കമ്മീഷൻ അധ്യക്ഷ സുരക്ഷിതയല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഒരു സാധാരണ സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കാനാവുകയെന്നും കെജ്രിവാൾ ചോദിച്ചു.

ദില്ലിയിലെ ക്രമസമാധാന നില സംബന്ധിച്ച് താങ്കൾ ഇതുവരെ ഒരു ജോലിയും ചെയ്യുന്നത് ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ താങ്കൾ ഇടപെടുന്നത് മാത്രമാണ് അവർ കണ്ടിട്ടുള്ളത്. താങ്കൾ എന്തിനാണ് എല്ലാ ദിവസവും ജനങ്ങളുടെ പ്രവൃത്തികളിൽ തടസ്സം സൃഷ്ടിക്കുന്നത്. അതുകൊണ്ട് ആളുകൾക്കിടയിൽ താങ്കളോട് നല്ല ദേഷ്യമുണ്ട്. ലെഫ്റ്റനന്റ് ​ഗവർണർക്കയച്ച കത്തിൽ കെജ്രിവാൾ പറഞ്ഞു.

Top