വാക്‌സിന്‍ വിതരണത്തില്‍ അന്തര്‍ദേശീയത പ്രോത്സാഹിപ്പിക്കണം: എസ്.ജയശങ്കര്‍

വാക്‌സിന്‍ വിതരണത്തില്‍ ദേശീയത അവസാനിപ്പിച്ച് അന്തര്‍ദേശീയത പ്രോത്സാഹിപ്പിക്കണമെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. ഇതുവരെ ഇന്ത്യ 25 രാജ്യങ്ങളിലേക്ക് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്ത പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ആരോഗ്യ സുരക്ഷ നേടുന്നതിനും മാരകമായ പകര്‍ച്ച വ്യാധിയെ തടയുന്നതിനും വേണ്ടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎന്‍ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാക്‌സിന്‍ ദേശീയത അവസനിപ്പിക്കുക, പകരം അന്താരാഷ്ട്രവാദത്തെ സജീവമായി പ്രോത്സാഹിപ്പിക്കുക. അമിത അളവില്‍ ശേഖരിക്കുന്നത് കൂട്ടായ ആരോഗ്യ സുരക്ഷ കൈവരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തും. ആഗോള ഏകോപിത ശ്രമത്തിന്റെ അഭാവം മൂലം മഹാമാരിയുടെ മാരകമായ ആഘാതം വഷളായതായി കഴിഞ്ഞ മാസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരുകളുടെ ‘വാക്‌സിന്‍ ദേശീയത’ സ്വയം പരാജയപ്പെടുത്തുന്നത് പോലെയാണ്. ഈ നിലപാട് മഹാമാരിയില്‍ നിന്നുള്ള ആഗോള വീണ്ടെടുക്കല്‍ വൈകിപ്പിക്കും’ എസ്.ജയശങ്കര്‍ പറഞ്ഞു.

മഹാമാരിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആഗോള ഏകോപനത്തിന്റെ അഭാവം സംഘര്‍ഷ ബാധിത പ്രദേശങ്ങളെയും ദരിദ്ര രാജ്യങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രദേശങ്ങളിലെ 60 ദശലക്ഷത്തിലധികം ആളുകള്‍ അപകടത്തിലാണെന്ന് ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസ് കമ്മിറ്റി (ഐസിആര്‍സി) കണക്കാക്കുന്നു. പകര്‍ച്ചവ്യാധിയുടെ ആഘാതം ലഘൂകരിക്കുന്നതിന് വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിലെ തുല്യത ഉറപ്പു വരുത്തണം. എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായും ന്യായമായും വാക്‌സിന്‍ ലഭ്യമാക്കാന്‍ കൊവാക്‌സിന്‍ സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Top