വിദേശനയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍

ദോഹ: ഗള്‍ഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തിന്റെ വിദേശനയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി.

ദോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാജ്യത്തിന് കഴിയും. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ ഖത്തറിനുണ്ട്. രാജ്യത്തെ ജനജീവിതത്തെ ഒരുതരത്തിലും പ്രശ്നം ബാധിക്കില്ല. അതിനാവശ്യമായ നടപടി ഖത്തര്‍ സ്വീകരിച്ചിട്ടുണ്ട്. എത്രനാള്‍ വേണമെങ്കിലും ഇതുപോലെ തുടരാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. സമാധാനത്തിന്റെ വേദിയാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലൊരു സമീപനം ശത്രുരാജ്യങ്ങളില്‍ നിന്നുപോലും ഉണ്ടായിട്ടില്ലെന്ന് അല്‍താനി കുറ്റപ്പെടുത്തി. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കുമുമ്പില്‍ ഒരുതരത്തിലുമുള്ള ആവശ്യം ഖത്തര്‍ ഉന്നയിച്ചിട്ടില്ല. സമാധാനമായി പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നതാണ് രാജ്യത്തിന്റെ നയം. പ്രശ്നം പരിഹരിക്കാനായി ഒരുതരത്തിലുമുള്ള സൈനികനീക്കവും ഉണ്ടാകില്ല. മേഖലയുടെ മുഴുവന്‍ സുരക്ഷയ്ക്കായാണ് തുര്‍ക്കിയില്‍ നിന്നുള്ള സൈന്യം ഖത്തറിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ. ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും അവരുമായിട്ടുള്ള ദ്രവീകൃത പ്രകൃതിവാതകകരാറിനെ ഖത്തര്‍ ബഹുമാനിക്കുന്നുവെന്നും അല്‍താനി വ്യക്തമാക്കി.

ആവശ്യപ്പെട്ടാല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കാമെന്ന് ഇറാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ സഹായം ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥചര്‍ച്ചയ്ക്ക് രാജ്യം തയ്യാറാണെന്ന് നേരത്തെയും വ്യക്തമാക്കിയതാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top