തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം എ.ഐ.ടി.യു.സി ആസ്ഥാനമായ തിരുവനന്തപുരം പട്ടത്തെ പി.എസ് സ്മാരകത്തില്‍ എത്തിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങി നിരവധി നേതാക്കന്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി.
കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും എട്ടരയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെ നിന്നും എയര്‍ ആംബുലന്‍സില്‍ പത്ത് മണിയോടെയാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10.30ഓടെയാണ് പ്രത്യേക ആംബുലന്‍സില്‍ പട്ടത്തേക്ക് കൊണ്ടുപോയത്. നഗരത്തിലൂടെയുള്ള വിലാപയാത്രയ്ക്ക് ശേഷമാണ് പി.എസ് സ്മാരകത്തില്‍ മൃതദേഹം എത്തിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും നീളാനാണ് സാധ്യത. നേരത്തെ, വിമാനത്താവളത്തില്‍ നിന്ന് ആദ്യം ഇടപ്പഴഞ്ഞിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയും നേരെ പി.എസ് സ്മാരകത്തിലേക്ക് പൊതുദര്‍ശനത്തിന് എത്തിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസില്‍ വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടില്‍ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11ന് വീട്ടുവളപ്പിലാണ് സംസ്‌കാരം.