സുപീംകോടതി പ്രതിസന്ധിക്ക് സമവായമായില്ല ; ഭിന്നതയകറ്റാന്‍ ഇന്ന് വീണ്ടും ചര്‍ച്ച

ഡല്‍ഹി: സുപ്രീംകോടതിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് സമവായമുണ്ടാക്കാന്‍ പല തലങ്ങളില്‍ ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡിജിമാര്‍ പരസ്യമായി രംഗത്തെത്തിയത്.

മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജഡ്ജിമാരുമായുള്ള ചര്‍ച്ചയ്ക്ക് ഏഴംഗസമിതിയെയും നിയോഗിച്ചു. പ്രശ്‌നപരിഹാരത്തിന് സുപ്രീംകോടതി ബാര്‍ അസോസിയേഷനും രംഗത്തിറങ്ങി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഫുള്‍ കോര്‍ട്ട് വിളിച്ച് പരിഹാരം തേടണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ പൊതുതാത്പര്യ ഹര്‍ജികളും ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിര്‍ന്ന നാല് അംഗങ്ങള്‍ അധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണമെന്നും അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിഷേധസ്വരമുയര്‍ത്തിയ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ഞായറാഴ്ച ചീഫ് ജസ്റ്റിസ് ആശയവിനിമയം നടത്തിയേക്കും. സംഭവത്തിനു ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശനിയാഴ്ചയും പരസ്യപ്രസ്താവന നടത്താന്‍ തയാറായിട്ടില്ല.

സമവായശ്രമം തുടരുമ്പോഴും പ്രശ്‌നപരിഹാരം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച വൈകീട്ടോടെ പരിഹാരമുണ്ടാകുമെന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, പിന്നീട് പരിഹാരം തിങ്കളാഴ്ചയുണ്ടാകുമെന്ന് നിലപാട് മാറ്റി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിനെ കാണാന്‍ രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും അനുമതി ലഭിക്കാത്തതിനാല്‍ മടങ്ങി പോകുകയായിരുന്നു.

ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തുന്നതിന് ഏഴംഗസമിതിയെ ബാര്‍ കൗണ്‍സില്‍ നിയോഗിച്ചത്. ഇവര്‍ ഞായറാഴ്ച ജഡ്ജിമാരെ കാണും. തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും കാണുമെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു.

നീതിന്യായ സംവിധാനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു. പത്രസമ്മേളനം നടത്തിയത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

പത്രസമ്മേളനം നടത്തിയവരില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഒഴികെയുള്ള മൂന്നുപേരും ശനിയാഴ്ച ഡല്‍ഹിയിലില്ലായിരുന്നു. ചെലമേശ്വറുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അതേ സമയം കൂടിക്കാഴിടകള്‍ നടന്നിട്ടില്ലെന്നും പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നും , ഇനി ചീഫ് ജസ്റ്റിസിന് തീരുമാനിക്കാമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

അതേസമയം, ഉന്നയിച്ച വിഷയം പ്രതിസന്ധിയൊന്നുമുണ്ടാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. നീതിന്യായവ്യവസ്ഥ സംരക്ഷിക്കപ്പെടാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ലെന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു.

Top