‘തൃക്കാക്കര’ ആയുധമാക്കി ചുവപ്പിനെ കടന്നാക്രമിക്കുന്നവർ അറിയേണ്ടത് . . .

“ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം …
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ…
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ,
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ…
മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം…
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം.
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്,
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ് …

കവി അനിൽ പനച്ചൂരാന്റെ ഈ വരികൾ, പുതിയ കാലത്തും ഏറെ പ്രസക്തമാണ്. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഇടതുപക്ഷത്തെ ‘കൊത്തിപ്പറിക്കുന്ന’ വലതുപക്ഷ മാധ്യമങ്ങളും, സകല കമ്യൂണിസ്റ്റ് വിരുദ്ധരും, ഓർക്കേണ്ട ഒരു കാര്യമുണ്ട്. കേരളത്തിന്റെ ഈ മണ്ണ്… ചോര വീണാണ് ചുവന്നിരിക്കുന്നത്. ആ പോരാട്ടത്തെ കുറിച്ച് കമ്യൂണിസ്റ്റുകൾക്ക് പറയാൻ കഴിയുന്നതു പോലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും പറയാൻ കഴിയുകയുമില്ല.ജാതീയതയും ജന്‍മിത്വവും മലീമസമാക്കിയ കേരളത്തിലെ സാമൂഹികാന്ത രീക്ഷത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍, കമ്യൂണിസ്റ്റുകള്‍ വഹിച്ച പങ്ക്, കേരളം ഉള്ളിടത്തോളം കാലം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.

മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയാത്തവര്‍ക്കെതിരെ ധീരമായി പോരാടിയ ചരിത്രമാണ്, മലയാളമണ്ണിലെ കമ്യൂണിസ്റ്റു പാർട്ടികൾക്കുള്ളത്. പാടത്തു പണിയെടുത്തിരുന്ന പട്ടിണി പ്പാവങ്ങളെല്ലാം അവരുടെ കുടിലുകളിലെ ഉമ്മറത്തു തൂക്കിയിട്ടിരുന്നതും എ.കെ.ജിയുടേയും ഇ.എം.എസിന്റേയും ചിത്രങ്ങളായിരുന്നു.ഇതിൽ നിന്നു തന്നെ അവരുടെ മനസ്സും വ്യക്തമാണ്. പാടവരമ്പിലെ കൊയ്ത്തു പാട്ടിന്റെ ഈണങ്ങളിൽ ഇടംപിടിച്ച കൊയ്ത്തരിവാളിനോടുണ്ടായി രുന്ന അതേ സ്‌നേഹമാണ്, അരിവാളിന്റെ പാര്‍ട്ടിയോടും ഇവിടുത്തെ പാവങ്ങൾക്കുണ്ടായിരു ന്നത്. ആ സ്നേഹമാകട്ടെ ഇപ്പോഴും ശക്തമായി തുടരുകയുമാണ്.

സി.പി.എമ്മും മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇത്രമേല്‍ ജനഹൃദയങ്ങളിലിടംപിടിച്ചത്, അവര്‍ ജനങ്ങള്‍ക്കു വേണ്ടി നിലക്കൊണ്ടതിനാൽ മാത്രമാണ്. മനുഷ്യര്‍ക്കു വേണ്ടി… മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി, ജീവൻ കൊടുത്തും നിലക്കൊണ്ടതിനാലാണ്, ചെങ്കൊടിയെ ജനങ്ങൾ ഇപ്പോഴും നേഞ്ചേറ്റുന്നത്. അതാകട്ടെ, ഒരു തൃക്കാക്കര ഉപതിരഞ്ഞെടു പ്പോടെ ഇല്ലാതാകുന്നതുമല്ല. മാറി വന്ന ഇടതുപക്ഷ സർക്കാറുകൾ നടപ്പാക്കിയ ക്ഷേമ പ്രവർത്ത നങ്ങളും വികസനവും, ജാതി – മത ശക്തികൾക്കെതിരെ നടത്തിയ പോരാട്ടങ്ങളുമാണ്, കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റുന്നതിൽ, നിർണ്ണായക പങ്കുവഹിച്ചിരിക്കുന്നത്. ഇതൊന്നും  ആർക്കും നിഷേധിക്കാൻ കഴിയുന്ന കാര്യങ്ങളല്ല. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് തുടർ ഭരണം നൽകിയതും, രാഷ്ട്രീയ കേരളമാണ്. അതിനു ശേഷം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും, ഈ മണ്ണിൽ പാറിയത് ചെങ്കൊടി തന്നെയാണ്.

ഇപ്പോൾ… തൃക്കാക്കരയെ വലിയ രാഷ്ട്രീയ സന്ദേശമായി ആഘോഷിക്കുന്നവർ, ഈ മണ്ഡലത്തിന്റെ ചരിത്രവും ഒന്നു പഠിക്കുന്നത് നല്ലതായിരിക്കും.2011-ൽ നടന്ന  അസംബ്ലി മണ്ഡല ഡി ലിമിറ്റേഷൻ അനുസരിച്ചാണു,  തൃക്കാക്കര അസംബ്ലി മണ്ഡലം രൂപം കൊണ്ടിരുന്നത്. തൃപ്പൂണിത്തുറ, എറണാകുളം അസംബ്ലി മണ്ഡലങ്ങളിൽ നിന്നായി എടുത്ത പ്രദേശങ്ങൾ ചേർത്താണ് പുതുതായി തൃക്കാക്കര മണ്ഡലത്തിനു രൂപം കൊടുത്തിരുന്നത്.  ഇതിൽ എറണാകുളം അസംബ്ലി മണ്ഡലം രൂപം കൊണ്ട 1957 മുതൽ ഇന്നുവരെ ഒരൊറ്റ തവണ പോലും പാർട്ടി ചിഹ്നത്തിൽ സി.പി.എം വിജയിച്ചിട്ടില്ല. എന്നാൽ, ഇടതുപക്ഷ സ്വതന്ത്രരായി മത്സരിച്ചപ്പോൾ സാനു മാഷും സെബാസ്റ്റ്യൻ പോളും വിജയിച്ചിട്ടുമുണ്ട്.തൃപ്പൂണിത്തുറയിലാ ണെങ്കിൽ കോൺഗ്രസും സിപിഎമ്മും മാറി മാറിവരുന്ന പ്രവണതയായിരുന്നു, ആദ്യകാലത്തൊക്കെ ഉണ്ടായിരുന്നത്. എന്നാൽ, 1991 മുതൽ 2016 വരെ, തുടർച്ചയായി അവിടെ വിജയിച്ചിരുന്നത് കെ. ബാബുവായിരുന്നു.  ബാബുവിന്റെ ഈ തേരോട്ടത്തിനു വിരാമമിട്ടത്, 2016-ൽ, എം. സ്വരാജിലൂടെയാണ്. പിന്നീട് 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ ഇടതു തരംഗത്തിനിടയിലും ഈ മണ്ഡലത്തിൽ വിജയിക്കാൻ കെ.ബാബുവിലൂടെ കോൺഗ്രസ്സിനു കഴിഞ്ഞിട്ടുണ്ട്.

തൃക്കാക്കര മണ്ഡലം രൂപീകരിക്കപ്പെട്ട  2011-ൽ, ബെന്നി ബഹനാൻ 22,406 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, സി.പി.എമ്മിന്റെ എം. ഇ. ഹസൈനാറെ തോൽപ്പിച്ചിരുന്നത്. അന്നു ഹസൈനാർക്കു കിട്ടിയത്, 43,448 വോട്ടുകളായിരുന്നു.2016-ൽ, പി. ടി. തോമസിന്റെ ഭൂരിപക്ഷം 11,966 ആയി കുറയുകയും ചെയ്തു. സെബാസ്റ്റ്യൻ പോൾ ജയിച്ചില്ലെങ്കിലും മണ്ഡലത്തിൽ ഇടതുപക്ഷത്തിനു ഇന്നു വരെ കിട്ടിയ ഏറ്റവും ഉയർന്ന വോട്ട് .അതായത് 49,455 വോട്ടുകൾ നേടാൻ കഴിഞ്ഞതും ആ തിരഞ്ഞെടുപ്പിലാണ്.


2021-ൽ, ഇതേ തൃക്കാക്കരയിൽ പി. ടി. തോമസ് ജയിക്കുന്നത് 13,813 വോട്ടിന്റെ ഭൂരിപക്ഷത്തി നാണ്. അന്ന് എൽ. ഡി.എഫ് സ്വതന്ത്രൻ ഡോ. ജെ. ജേക്കബിനു കിട്ടിയതാകട്ടെ 44,894 വോട്ടുകളാണ്. ഇത്തവണ ഉമാ തോമസിനു 25,015 വോട്ട് ഭൂരിപക്ഷം കിട്ടുമ്പോൾ, സി.പി.എം സ്ഥാനാർത്ഥി ചിഹ്നത്തിൽ മത്സരിച്ച ഡോ. ജോ ജോസഫിനു 47,752 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.  അതായത്, കഴിഞ്ഞ വർഷം ലഭിച്ചതിലും 2,858 വോട്ടു കൂടുതൽ ലഭിച്ചെന്ന് വ്യക്തം.  ഇത്തവണ പോളിങ്ങ് ശതമാനം കഴിഞ്ഞ തവണത്തേതിലും കുറവായിരുന്നു എന്നതും, നാം ഓർക്കണം.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടേണ്ട ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രകടനമാണിപ്പോൾ, മാധ്യമങ്ങളുടെ ഇടതുപക്ഷ ‘വധ’ത്തിനിടയിൽ കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോയിരിക്കുന്നത്.2016ൽ, 21,247 വോട്ടുകളാണ് ബി.ജെ.പി തൃക്കാക്കരയിൽ നേടിയിരുന്നത്.2021-ൽ, ഇത് കുറഞ്ഞ് 15,218 വോട്ടുകളിൽ എത്തുകയുണ്ടായി. ഇത്തവണയാകട്ടെ 12,588 വോട്ടുകളായി വീണ്ടും കുത്തനെ കുറഞ്ഞിരിക്കുകയാണ്..കഴിഞ്ഞ തവണ ട്വൻ്റി ട്വൻ്റി നേടിയ 13,773 വോട്ടുകളേക്കാൾ കുറവാണിത്.

ട്വൻ്റി ട്വൻ്റിക്ക് ഒരു അടിത്തറയും ഉള്ള മണ്ഡലമല്ല തൃക്കാക്കര. കഴിഞ്ഞ തവണ ഒരു ‘ഓളത്തിൽ’ ലഭിച്ചു പോയ വോട്ടുകൾ മാത്രമാണിത്. പ്രധാനമായും ഇടതുപക്ഷ വിരുദ്ധമായ ഈ വോട്ടുകൾ ഇത്തവണ മുഖ്യ സ്രോതസ്സായ യു. ഡി. എഫ് വോട്ടുബാങ്കിലേക്കു തന്നെയാണ് എത്തപ്പെട്ടിരിക്കുന്നത്. ഇതിൽ തന്നെ കുറച്ചു വോട്ടുകൾ പോൾ ചെയ്തിരിക്കാനും ഇടയില്ല. മാത്രമല്ല, 2021ലെ തിരഞ്ഞെടുപ്പിൽ മൂന്ന് സ്വതന്ത്രന്മാർ ഉൾപ്പെടെ ഏതാണ്ട് ആയിരത്തോളം വോട്ടുകളാണ് പിടിച്ചതെങ്കിൽ, ഇക്കുറി സ്വതന്ത്രന്മാർക്ക് ഉൾപ്പെടെ 700 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. നോട്ടക്ക് മാത്രമായി ലഭിച്ചത് ആയിരത്തിൽപ്പരം വോട്ടുകളാണ്.
തൃക്കാക്കര മണ്ഡലം രൂപീകരിക്കപ്പെട്ട 2011 മുതൽ തൃക്കാക്കരയിൽ ഇടതുപക്ഷത്തിനു കിട്ടിപ്പോന്ന വോട്ടിൽ വലിയ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടില്ല എന്നതാണു, കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ ഇടതുപക്ഷത്തെ സംബന്ധിച്ച്, ആശ്വസിക്കാനും വകയുണ്ട്.

പൂർണ്ണമായും നഗര കേന്ദ്രീകൃത മണ്ഡലമാണ് തൃക്കാക്കര.ഇവിടെ യു.ഡി.എഫിന് ലഭിച്ചിരിക്കു ന്നത് പരമ്പരാഗതവോട്ടുകളാണ്, ഇതിൻ്റെ സ്വഭാവവും വ്യത്യസ്തമാണ്. പ്രതേകിച്ചെന്തെങ്കിലും രാഷ്ട്രീയബോധത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് . . .ശീലത്തിന്റെ പുറത്തു വീഴുന്ന വോട്ടുകൾ മാത്രമാണിത്. ഇവർക്കൊക്കെ എന്തെങ്കിലും രാഷ്ട്രീയബോധമുണ്ടെങ്കിൽ, അത്… മാധ്യമ പ്രവർത്തക രേണു രാമനാഥ് പറഞ്ഞതു പോലെ, കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമായിരിക്കും.  കമ്യൂണിസ്റ്റുകാർ മൊത്തം, ‘ചെകുത്താന്റെ’ അവതാരങ്ങളാണെന്ന് ‘ ഉറച്ചു വിശ്വസിക്കുന്ന ഒരു വിഭാഗം, ഇപ്പോഴും തൃക്കാക്കരയിൽ ശക്തമാണ്. ഇക്കാര്യം കൂടിയാണ് ആ മാധ്യമ പ്രവർത്തക ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജോ ജോസഫിനു പകരം, മറ്റാരു തന്നെ വന്നാലും ഇപ്പോഴത്തെ വോട്ടിങ്ങ് പാറ്റേണിൽ, വലിയ വ്യത്യാസമൊന്നും വരാൻ സാധ്യതയില്ല.  എറണാകുളത്ത് ഏറ്റവുമധികം വേരുകളുള്ള സെബാസ്റ്റ്യൻ പോളിനു പോലും ജയിക്കാനാവാത്ത മണ്ഡലമാണിതെന്നതും, വിമർശിക്കുന്നവർ ഓർക്കേണ്ടതുണ്ട്.പരമ്പരാഗത വോട്ട് ബേസ് വ്യാപിപ്പിക്കാനുള്ള പ്രവർത്തനമാണ് ഇടതുപക്ഷം ഇനിയും ഈ മണ്ഡലത്തിൽ നടത്തേണ്ടത്.അതിനുള്ള ചുവട് വയ്പ്പായാണ് ഇപ്പോഴത്തെ വോട്ട് വർദ്ധനവിനെയും കാണേണ്ടത്.

തൃക്കാക്കര നിലനിർത്താൻ കഴിഞ്ഞതോടെ യഥാർത്ഥത്തിൽ, കോൺഗ്രസ്സിലെയും യു.ഡി.എഫിലെയും പിളർപ്പാണ്, തൽക്കാലം ഒഴിവായിരിക്കുന്നത്. സർക്കാറിൻ്റെ വികസന പദ്ധതികളെ ജനദ്രോഹമാക്കി ചിത്രീകരിച്ചും, നടി ആക്രമിക്കപ്പെട്ട കേസിൽ മാധ്യമങ്ങളുടെ സഹായത്തോടെ വ്യാജ പ്രചരണം നടത്തിയും, മറ്റും നേടിയ ഭൂരിപക്ഷമാണിത്.സഹതാപ വോട്ടുകളും ഉമക്ക് ഗുണം ചെയ്തിട്ടുണ്ട്. അങ്ങനെ മാത്രമേ, ഈ ഘട്ടത്തിൽ വിലയിരുത്താൻ കഴിയുകയൊള്ളൂ.

ലോകസഭ തിരഞ്ഞെടുപ്പ് വരെ പിടിച്ചു നിൽക്കാൻ, തീർച്ചയായും തൃക്കാ’ക്കര’ അവർക്കൊരു ‘തുരുത്താ’യിരിക്കും. എന്നാൽ, വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ അടിതെറ്റിയാൽ വീണ്ടും യു.ഡി.എഫിൽ പ്രതിസന്ധി മൂർച്ചിക്കും.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ, 20-ൽ 19 സീറ്റുകളും നേടിയത് യു.ഡി.എഫ് ആണ്. അതിൽ എത്ര സീറ്റ് ഇത്തവണ നിലനിർത്താൻ കഴിയുമെന്നത് വലിയ ഒരു ചോദ്യം തന്നെയാണ്. ലോകസഭയിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷം, നിയമസഭയിൽ തുടർ ഭരണം നേടിയാണ്, അതിനു മറുപടി നൽകിയിരുന്നത്. അതു കൊണ്ട് തന്നെ തൃക്കാക്കരക്കുള്ള ഇടതുപക്ഷത്തിന്റെ മറുപടി ലോകസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാവാനുള്ള സാധ്യതയും, വളരെ കൂടുതലാണ് .

 

EXPRESS KERALA VIEW

 

 

Top