ജെഡിയുവിന് രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, നിതീഷ് കുമാര്‍ എന്‍ഡിഎ കണ്‍വീനര്‍ ആയേക്കും

പട്‌ന: ആര്‍ജെഡി-ജെഡിയു മഹാസഖ്യം വിട്ട് എന്‍ഡിഎ പ്രവേശനം നടത്തിയ ജെഡിയുവിന് രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങളും എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനവും ലഭിച്ചേക്കും.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും എന്‍ഡിഎ കണ്‍വീനറാവുകയെന്നാണ് സൂചന. ഒരു കാബിനെറ്റ് റാങ്കുള്ള മന്ത്രി, സഹമന്ത്രി സ്ഥാനങ്ങളാണ് ജെഡിയുവിന് ലഭിക്കുകയെന്നാണ് സൂചന.

ജെഡിയുവിനെ എന്‍ഡിഎയുടെ ഭാഗമാക്കിയുള്ള പ്രഖ്യാപനം 19 ന് പട്‌നയില്‍ നടക്കുന്ന എന്‍ഡിഎ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിതീഷ്‌കുമാറിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

ഇപ്പോള്‍ ബിജെപി-ജെഡിയു സഖ്യമാണ് ബിഹാറില്‍ ഭരിക്കുന്നത്. 19 ലെ യോഗത്തില്‍ നിതീഷ് കുമാര്‍ സമര്‍പ്പിക്കുന്ന അപേക്ഷ ഐക്യകണ്‌ഠേന പാസാകുമെന്നാണ് വിവരങ്ങള്‍. ജെഡിയു ദോശീയ ജെനറല്‍ സെക്രട്ടറി കെ സി ത്യാഗി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷങ്ങളാണ് അവയെന്നും കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്നത് ബിഹാറിന്റെ വികസനത്തിന് ഗുണകരമാണമെന്നും കെ.സി ത്യാഗി പറയുന്നു. അതേസമയം ജെഡിയുവിന്റെ പ്രവേശനം കേന്ദ്രസര്‍ക്കാരിന് രാജ്യസഭയില്‍ പ്രയോജനം ചെയ്യും. നിലവില്‍ നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരെ മാറ്റി പുതിയ അംഗങ്ങളെ രാജ്യസഭയിലെത്തിക്കാനാണ് ജെഡിയു നീക്കം.

ഇവര്‍ രാജിവെച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുത്ത് പുറത്താക്കാനാണ് ജെഡിയു ശ്രമിക്കുക. രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളാണ് ജെഡിയുവിനുള്ളത്. ഇവര്‍ ഭരണ പക്ഷത്തേക്ക് വരുന്നത് കേന്ദ്രസര്‍ക്കാരിന് വലിയ ആശ്വാസമാണ് ഉണ്ടാക്കുക. നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് കേന്ദ്രസര്‍ക്കാരിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.

Top