മലയാളം, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങും; റോബിന്‍ ബസിന്റെ കഥ സിനിമയാവുന്നു

കേരളത്തില്‍ എംവിഡിയുടെ സ്ഥിരം നോട്ടപുള്ളിയായ റോബിന്‍ ബസിന്റെ കഥ തിരശീലയിലേക്ക്. റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രശാന്ത് ബി മോളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്.

റോബിന്‍ ബസിനെ ആസ്പദമാക്കിയുള്ള സിനിമ ചെയ്യുന്ന വിവരം സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് തന്നെ എത്തിച്ചിരുന്നത് റോബിന്‍ ബസ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സിനിമയായ ‘കൂന്‍’ റിലീസിനൊരുങ്ങി നില്‍ക്കവേ അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്ന വേളയിലാണ് റോബിന്‍ ബസ് സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.

”ആദ്യ സിനിമയ്ക്ക് ശേഷം സംഭവിക്കുന്ന യഥാര്‍ഥ വിജയത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കഥകള്‍ അന്വേഷിച്ച് തുടങ്ങുകയും, അവയില്‍ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നില്‍ക്കുകയും, മറ്റ് ചില കഥകള്‍ ചര്‍ച്ചകളില്‍ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിന്‍ ബസ് സംഭവം നമുക്ക് മുന്നില്‍ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിര്‍മിതങ്ങളായ ടാര്‍ഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിന്‍ബലത്തില്‍ തച്ചുടച്ച് തകര്‍ത്തു കൊണ്ടുള്ള റോബിന്‍ ബസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഇറങ്ങുകയാണ്.”പ്രശാന്ത് മോളിക്കല്‍ കുറിച്ചു.

സതീഷ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങും. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന സിനിമയിലെ അഭിനേതാക്കളേക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top