‘രാഷ്ട്രത്തോട് മാപ്പ് പറയണം’; ആദിപുരുഷ് നിര്‍മ്മാതാക്കള്‍ക്കെതിരെ ശിവസേന എംപി

‘ആദിപുരുഷ്’ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി. ഹിന്ദു ഇതിഹാസമായ രാമായണത്തെ അനാദരിക്കുന്നതായിരുന്നു ചിത്രം. സിനിമയുടെ നിര്‍മ്മാതാക്കള്‍ രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.

‘രാമായണത്തിലെ കഥാപാത്രങ്ങളോട് അനാദരവ് കാണിക്കുന്നതായിരുന്നു സിനിമയിലെ സംഭാഷണങ്ങളെന്ന് പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. ഹനുമാന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ക്ക് പ്രചോചദനശൂന്യമായ സംഭാഷണങ്ങള്‍ നല്‍കിയ സംഭാഷണ രചയിതാവും, സംവിധായകനും രാജ്യത്തോട് മാപ്പ് പറയണം’ – ചതുര്‍വേദി ട്വീറ്റ് ചെയ്തു.

‘വിനോദത്തിന്റെ പേരില്‍ നമ്മുടെ ആരാധനാമൂര്‍ത്തികള്‍ക്ക് ഇത്തരം സംഭാഷണങ്ങള്‍ നല്‍കിയതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങള്‍ വ്രണപ്പെടുകയാണെന്ന് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.രാമനെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയും ബോക്‌സോഫീസ് വിജയത്തിനായി മര്യാദയുടെ എല്ലാ അതിരുകളും മറികടക്കുകയും ചെയ്യുന്നത് അസ്വീകാര്യമാണ്’ – ചതുര്‍വേദി കുറിച്ചു.

ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

Top